ന്യൂദല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ജാമ്യം ലഭിച്ച ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ആഹ്ലാദത്തോടുകൂടിയുള്ള പാര്‍ലമെന്റ് പ്രവേശനത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
ലൈംഗികാതിക്രമക്കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ബി.ജെ.പി എം.പി ആഹ്ലാദത്തോടെയാണ് പാര്‍ലമെന്റിലേക്ക് പ്രവേശിച്ചതെന്ന് ബ്രിജ് ഭൂഷന്റെ ചിത്രം പങ്കുവെച്ച് മഹുവ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനിലായിരുന്നു ബ്രിജ് ഭൂഷണ്‍ പങ്കെടുത്തത്. ഈ ചിത്രം കാണുമ്പോള്‍ ഗുസ്തി താരങ്ങള്‍ എങ്ങനെ ചിന്തിക്കുമെന്ന് മനസാക്ഷിയോട് ചോദിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മഹുവ ചോദിക്കുന്നുണ്ട്.
‘ഇന്നലെ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബി.ജെ.പി എം.പി പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത് ഇങ്ങനെയാണ്. ലൈംഗികാതിക്രമക്കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ആഹ്ലാദത്തോടെയാണ് പാര്‍ലമെന്റില്‍ പ്രവേശിച്ചത്. ജാമ്യത്തെ ദല്‍ഹി പൊലീസ് എതിര്‍ത്തിട്ടുമില്ല.
മൗനഗുരുവായ പ്രധാനമന്ത്രി ഈ ചിത്രം കാണുമ്പോള്‍ ഗുസ്തിതാരങ്ങള്‍ക്ക് എന്ത് തോന്നുമെന്ന് നിങ്ങള്‍ മനസാക്ഷിയോട് ചോദിക്കൂ,’ മഹുവ പറഞ്ഞു.
അതേസമയം ഗുസ്തിതാരങ്ങളെ ലൈംഗികമായി അതിക്രമിച്ചുവെന്ന കേസില്‍ വ്യാഴാഴ്ചയാണ് ദല്‍ഹി കോടതി ബ്രിജ് ഭൂഷണ് ജാമ്യം നല്‍കിയത്. സസ്‌പെന്‍ഷനിലായ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചു.
25,000 രൂപയുടെ ബോണ്ടിലാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണെതിരായി ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, തുടര്‍ച്ചയായി താരങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നിവയൊക്കെയാണ് കുറ്റപത്രത്തിലുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ച് പുതിയ മൊഴി രേഖപ്പെടുത്തിയത് ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പൊലീസിന്റെ കുറ്റപത്രം.
10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്.ഐ.ആറാണ് ആദ്യ ഘട്ടത്തില്‍ ബ്രിജ് ഭൂഷണെതിരായ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ പോക്സോ കേസിലെ എഫ്.ഐ.ആറാണ് റദ്ദാക്കിയത്. ആറ് ഒളിമ്പ്യന്‍മാരുടെ പരാതിയിലെ ആരോപണങ്ങളാണ് രണ്ടാമത്തെ എഫ്.ഐ.ആറിലുള്ളത്.
സ്ത്രീകളെ മോശമായി സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്. ലൈംഗികച്ചുവയോടെ സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്‌തെന്നും പറയുന്ന പരാതിയില്‍ ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പറയുന്നു. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
content highlights: mahua moithra against brij bhushan