| Saturday, 1st April 2023, 5:18 pm

രാമനവമി മുതല്‍ 'ഹിന്ദുക്കള്‍ അപകടത്തിലാണെ'ന്ന ബി.ജെ.പി പ്രചരണം; വിഡ്ഢിത്തം തെളിയിക്കാനുള്ള ഹിന്ദു കാര്‍ഡെന്ന് മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹിന്ദുക്കള്‍ അപകടത്തിലാണെന്ന ബി.ജെ.പിയുടെ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാമനവമി മുതല്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന പ്രചരണമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് 2024വരെ തുടരുമെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.

‘ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന പ്രചരണം രാമനവമി മുതല്‍ ബി.ജെ.പി നടത്തുകയാണ്. ഇനി ഇത് 2024 വരെ തുടരും. പാകിസ്ഥാന്‍ ആക്രമണവും, ഇന്ത്യയെ ഉന്നം വെച്ച് വിദേശ ശക്തികള്‍ നടത്തുന്ന അക്രമവും ഇത്തവണ മന്ദഗതിയിലാണ്.

അവരുടെ വിഡ്ഢിത്തം തെളിയിക്കാനുള്ള ആശ്രയം മാത്രമാണ് ഹിന്ദു കാര്‍ഡ്. മാതാ കാളി എന്റെ രാജ്യത്തെ രക്ഷിക്കൂ,’ എന്നാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം രാമനവമി ആഘോഷത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അക്രമാന്തരീക്ഷം ശനിയാഴ്ച സമാധാനപരമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അടച്ചു പൂട്ടിയ കടകളും മാര്‍ക്കറ്റുകളും വീണ്ടും തുറന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ഇന്റര്‍നെറ്റ് വിച്ഛേദനം പുനസ്ഥാപിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

കാസിപ്പാറ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയും വലതുപക്ഷ സംഘടനകളുമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

എന്നാല്‍ അക്രമകാരികളെ മമത സംരക്ഷിക്കുന്നുവെന്നും അവര്‍ക്ക് ഹിന്ദു സമൂഹത്തെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.

രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളിലെ ഹൗറയില്‍ അക്രമാസക്തരായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങളടക്കം പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കുന്ന ദൃശ്യങ്ങളും എ.എന്‍.ഐ. പുറത്തുവിട്ടിരുന്നു.

രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ശോഭാ റാലിക്കിടെ ബംഗാളില് മാത്രമല്ല, ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.

CONTENT HIGHLIGHT: MAHUA MOITHRA AGAINST BJP

We use cookies to give you the best possible experience. Learn more