സര്‍ക്കാരിനെ താഴെയിറക്കാനാവില്ലെന്നറിയാം; പക്ഷേ ഈ അവിശ്വാസപ്രമേയം ഞങ്ങളുടെ ആത്മവിശ്വാസമാണ്: മഹുവ
national news
സര്‍ക്കാരിനെ താഴെയിറക്കാനാവില്ലെന്നറിയാം; പക്ഷേ ഈ അവിശ്വാസപ്രമേയം ഞങ്ങളുടെ ആത്മവിശ്വാസമാണ്: മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 3:53 pm

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയം സര്‍ക്കാരിനെതിരെയുള്ള വിശ്വാസമില്ലായ്മ എന്നതിലുപരി ഇന്ത്യ സഖ്യത്തിലുള്ള ആത്മവിശ്വാസമാണ് കാണിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. സഭയില്‍ വിജയിക്കാനല്ല അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.

‘സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിഷേധാത്മക പ്രമേയങ്ങളാണ് മിക്ക അവിശ്വാസ പ്രമേയങ്ങളും. ഇത് ഇവിടെ സാധ്യമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. നമുക്ക് ആവശ്യത്തിനുള്ള അംഗങ്ങളില്ല.

ട്രഷറി ബെഞ്ചിലെ എന്റെ സുഹൃത്തുക്കളും ബി.ജെ.പി സഖ്യക്കാരായ വൈ.എസ്.ആര്‍ പോലെയുള്ള പാര്‍ട്ടികളും ഈ പ്രമേയം ‘ഇന്ത്യ’യെ നശിപ്പിക്കും എന്ന് പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിനെയും താഴെയിറക്കാനല്ല, എന്തെങ്കിലും പുനരുജ്ജീവിപ്പിക്കാനാണ് പ്രമേയം അവതരിപ്പിച്ചത്,’ മഹുവ പറഞ്ഞു.

മണിപ്പൂരില്‍ ഒരു സമുദായത്തിനെതിരെയുള്ള വിദ്വേഷ കുറ്റകൃത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘മണിപ്പൂരില്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടക്കുന്നത് വിദ്വേഷ കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ അതേ സമുദായത്തില്‍പ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍  ജനക്കൂട്ടത്തിന് ഏല്‍പ്പിച്ചു. ആ സ്ത്രീകള്‍ക്ക് നീതി നല്‍കിയില്ല.

ആഭ്യന്തര യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ മണിപ്പൂരിലെ ഇരുസമുദായങ്ങളും പരസ്പരം ഏറ്റുമുട്ടുന്നു. മൂന്ന് മാസത്തിനുള്ളില്‍ 6500 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റേത് സംസ്ഥാനത്താണ് ഇത്തരമൊരു അവസ്ഥയുള്ളത്,’ മഹുവ പറഞ്ഞു.

പൊലീസ് സേനയില്‍ എന്തെങ്കിലും മാറ്റം കൊണ്ടു വന്നതായി അറിവില്ലെന്നും മഹുവ പറഞ്ഞു. സര്‍ക്കാരിലും മാറ്റം വരുത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പൊലീസ് സേനയില്‍ എന്തെങ്കിലും മാറ്റം കൊണ്ടു വന്നതായി അറിവില്ല. സര്‍ക്കാരിനെയും മാറ്റിയില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയമാണിത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും എന്ത് സംഭവിച്ചുവെന്ന് ചോദിച്ച് നമ്മള്‍ മറ്റ് സംസ്ഥാനങ്ങളെ അപമാനിക്കില്ല. മണിപ്പൂരിലേത് വിദ്വേഷ കുറ്റകൃത്യമാണെന്ന് അംഗീകരിക്കപ്പെട്ടതാണ്,’ മഹുവ പറഞ്ഞു.

അതേസമയം നേരത്തേ സഭ തുടങ്ങുന്നതിന് മുമ്പ് പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടി.വിയെ പരിഹസിച്ച് മഹുവ ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് താന്‍ തിളങ്ങുന്ന പിങ്ക്- പച്ച നിറത്തുള്ള സാരി ധരിച്ചാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എത്തുന്നതെന്നും, അങ്ങനെയെങ്കിലും സന്‍സദ് ടി.വി തന്നെ ഫോക്കസ് ചെയ്യുമെന്നാണ് കരുതുന്നതെന്നും മഹുവ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിന് മുന്നില്‍ നിന്നുള്ള തന്റെ ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു.

പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ സന്‍സദ് ടി.വി കൂടുതല്‍ സമയം സ്പീക്കറെ ഫോക്കസ് ചെയ്യുന്നുവെന്ന ആരോപണത്തിനിടയിലാണ് മഹുവയുടെ ട്വീറ്റ് വരുന്നത്.

‘ഞാന്‍ ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കുന്നുണ്ട്. ഞാനിന്ന് തിളങ്ങുന്ന പിങ്ക്- പച്ച നിറത്തിലുള്ള സാരി ധരിച്ചാണ് എത്തിയിട്ടുള്ളത്.

ലജ്ജയില്ലാത്ത പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സന്‍സദ് ടി.വി എന്റെ സംസാരത്തിനിടയില്‍ എന്നെ ഫോക്കസ് ചെയ്യുമെന്ന് കരുതുന്നു,’ മഹുവ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയവും ഫോക്കസ് നല്‍കിയത് സ്പീക്കര്‍ ഓം ബിര്‍ളക്കാണെന്ന് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേസമയം ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കും.

content highlights: mahua moithra about no trust motion