കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെ പരിഹസിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതിനുപിന്നാലെയാണു മഹുവയുടെ പരിഹാസം.
ബംഗാളില്‍ നിന്നു തിരികെ ദല്‍ഹിയിലേക്കു പോയി വേറെ പണിയെടുക്കുന്നതായിരിക്കും നല്ലതെന്നാണ് മഹുവ ഗവര്‍ണറോട് പറഞ്ഞത്.
സ്വയം ദല്‍ഹിയിലേക്കു മാറി മറ്റൊരു ജോലി കണ്ടെത്തുകയാണെങ്കില്‍ മാത്രമേ ”ഭീകരമായ സാഹചര്യം” മെച്ചപ്പെടുകയുള്ളൂ അങ്കിള്‍ ജീ, മഹുവ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശകനാകുന്നതോ അല്ലെങ്കില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മഹാമാരിക്കാലത്ത് എങ്ങനെ ഓടിയൊളിക്കാമെന്ന് ഉപദേശിക്കുന്നതോ ആയിരിക്കും ജഗ്ദീപ് ദങ്കറിന് ചേരുന്ന പണിയെന്നും മഹുവ പറഞ്ഞു.
സംസ്ഥാനത്തെ ഭീകരമായ സാഹചര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍
ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി തുടരുകയാണ്. ഗവര്‍ണറുമായും അത്ര നല്ല ബന്ധമല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്.
നേരത്തെ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബംഗാളില്‍ നടന്ന അക്രമത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും തന്നെ കാണാന്‍ വരുമ്പോള്‍ ഒരു പേപ്പറോ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് വന്നതെന്ന് ഗവര്‍ണര്‍ പരാതിപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ രീതി മടുപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mahua mocks Bengal Governor