ന്യൂദല്‍ഹി: സി.ബി.ഐക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മഹുവ പരാതി നല്‍കിയിരിക്കുന്നത്.
മഹുവയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പരാതി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെയാണ് മഹുവയുടെ വസതിയില്‍ പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ തടസപ്പെടുത്താനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്ന് മഹുവ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് മഹുവ ആവശ്യപ്പെട്ടു. രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്ന് മഹുവ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകാന്‍ പാടില്ലെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
മഹുവയുടെ കൊല്‍ക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാര്‍ട്‌മെന്റിലുമാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. റെയ്ഡില്‍ സി.ബി.ഐ സംഘത്തോടൊപ്പം സൈബര്‍ സുരക്ഷാ വിദഗ്ധരും ഉണ്ടായിരുന്നു.
കേസില്‍ ഔദ്യോഗിക അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിടുകയും ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏജന്‍സിയോട് പറയുകയും ചെയ്തതിന് ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രാഥമിക അന്വേഷണം നടത്തി സി.ബി.ഐ ലോക്പാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ ബി.ജെ..പി എം.പി നിഷികാന്ത് ദുബെയുടെ പരാതിയിലാണ് ലോക്പാല്‍ കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമവിരുദ്ധ പെരുമാറ്റം ചൂണ്ടിക്കാട്ടി ലോക്സഭയില്‍ നിന്ന് മൊയ്ത്രയെ പുറത്താക്കിയിരുന്നു.
Content Highlight: Mahua filed a complaint with the Election Commission against the CBI