കൊല്‍ക്കത്ത: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ലോക്പാലില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. അദാനിയുടെ വിദേശത്തുള്ള രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തെ ചൂണ്ടിക്കാട്ടിയാണ് പരാതി. ഹിന്‍ഡന്‍ബര്‍ഗ് ബുച്ചിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ നീക്കം.
ഓണ്‍ലൈന്‍ മുഖേനയും നേരിട്ടുമാണ് മഹുവ പരാതി നല്‍കിയിരിക്കുന്നത്. പരാതി കൈമാറിയതിന് ശേഷം, പ്രസ്തുത പരാതി 30 ദിവസത്തിനകം സി.ബി.ഐക്കോ ഇ.ഡിക്കോ കൈമാറണമെന്നാണ് നിയമമെന്നും മഹുവ പ്രതികരിച്ചു.
മൂന്ന് പേജുള്ള കത്തിലാണ് മഹുവ സെബി ചെയര്‍പേഴ്‌സണെതിരായ തന്റെ പരാതി ഉന്നയിച്ചിരിക്കുന്നത്. മാധബി ബുച്ചിന്റെയും അദാനിയുടെയും നീക്കങ്ങള്‍ ദേശീയ താത്പര്യങ്ങളെയും കോടിക്കണക്കിനുള്ള നിക്ഷേപകരെയും ബാധിക്കുന്ന വിഷയമാണെന്നും മഹുവ പറഞ്ഞു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടക്കണമെന്നും ടി.എം.സി എം.പി ആവശ്യപ്പെട്ടു.
ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അദാനിയുമായുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും മഹുവ കത്തില്‍ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട വിവരം. വിസില്‍ബ്ലോവര്‍മാരെ ഉദ്ധരിച്ചായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അദാനി ഗ്രൂപ്പിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്.
ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വര്‍ധിപ്പിക്കുന്നതെന്നും അതുവഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നു എന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് സെബി ചെയര്‍പേഴ്‌സനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മാധബി പുരി ബുച്ചിനും പങ്കാളിയ്ക്കും മൗറീഷ്യസിലും ബര്‍മൂഡയിലും നിക്ഷേപമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. 2015 സിങ്കപൂരിലാണ് ഇരുവരും ആദ്യമായി അക്കൗണ്ടുകള്‍ തുറക്കുന്നത്. 2017 ലാണ് മാധബി സെബിയുടെ മുഴുവന്‍ സമയ അംഗമാകുന്നത്.
സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പങ്കാളിയായ ധവല്‍ ബുച്ചിന് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് മൗറീഷ്യസിലും ബര്‍മൂഡയിലുമുള്ള അക്കൗണ്ടുകളിലേക്ക് നിക്ഷേപം മാറ്റുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Mahua complains to Lokpal against SEBI Chairperson