| Monday, 1st July 2024, 7:51 pm

'മോദി... പേടിച്ച് പോവാതെ, ഇതുകൂടി കേള്‍ക്കണം'; പ്രസംഗങ്ങളില്‍ മണിപ്പൂരിനെ വിഴുങ്ങിയ മോദിക്കെതിരെ മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മോദിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രസംഗങ്ങളില്‍ മണിപ്പൂര്‍ കലാപത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കാത്തതിലാണ് മോദിക്കെതിരെ മഹുവ വിമര്‍ശനമുയര്‍ത്തിയത്. ‘ ‘പ്രധാനമന്ത്രി മോദിജീ പേടിച്ച് പോവാതെ, ഇതുകൂടി കേള്‍ക്കണം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹുവ പ്രസംഗം ആരംഭിച്ചത്.

‘പ്രസംഗങ്ങളില്‍ മുസല്‍മാന്‍, മുല്ല, മദ്രസ, മുഗള്‍, മട്ടന്‍, മച്ചിലി, മംഗല്‍സൂത്ര തുടങ്ങിയ വാക്കുകളും ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ വിഴുങ്ങി. മണിപ്പൂരില്‍ പോയി ആ ചോരചിന്തിയ തെരുവുകള്‍ ഒന്ന് കാണൂ,’ എന്നാണ് മഹുവ മൊയ്ത്ര ലോക്‌സഭയില്‍ പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് പെരുമാറിയ രീതിയില്‍ ബി.ജെ.പിക്ക് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മഹുവ പറഞ്ഞു. ‘കഴിഞ്ഞ തവണ എനിക്ക് സംസാരിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കിയില്ല. ഒരു എം.പിയുടെ ശബ്ദത്തെ ലോക്‌സഭയില്‍ അടിച്ചമര്‍ത്തിയതിന് ബി.ജെ.പി വലിയ വില നല്‍കേണ്ടി വന്നു,’ എന്ന് മഹുവ ചൂണ്ടിക്കാട്ടി. പതിനേഴാം ലോക്‌സഭയില്‍ നിന്ന് തന്നെ സസ്പെന്‍ഡ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഉദ്ധരിച്ചായിരുന്നു മഹുവയുടെ വിമര്‍ശനം.

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സ്ത്രീകളെ, നാരീശക്തിയെ പേടിക്കുന്നു. പതിനേഴാം ലോക്‌സഭയില്‍ ഉണ്ടായിരുന്നത് 78 വനിതാ എം.പിമാരാണ്, അതായത് 40.3%. എന്നാല്‍ ഈ ലോക്‌സഭയില്‍ ഉള്ളത് 74 വനിതാ എം.പിമാരും. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഇത്തവണ നാല് വനിതാ പ്രതിനിധികളുടെ കുറവ് ലോക്‌സഭയിലുണ്ടായെന്നും മഹുവ ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്‍ പാസാക്കിയ കേന്ദ്രത്തിന്, ലോക്‌സഭയിലെ അവരുടെ വനിതാ പ്രാതിനിധ്യത്തില്‍ നാണക്കേട് തോന്നുന്നില്ലേ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 240 സീറ്റ് നേടിയ ബി.ജെ.പി ലോക്‌സഭയിലേക്കെത്തിച്ചത് 30 വനിതാ എം.പിമാരെ മാത്രം, അതായത് ആകെയുള്ളതിന്റെ 12.5 ശതമാനം. എന്നാല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 2019 ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 37 ഉം ഇത്തവണ 38 ശതമാനം വനിതാ എം.പിമാരാണെന്നും മഹുവ വ്യക്തമാക്കി.

‘ഞങ്ങള്‍ മൂന്ന് ലക്ഷം ‘ലക്ഷപതി ദീദികളെ’ (സാമ്പത്തികമായി സ്ത്രീകളെ) ശാക്തീകരിച്ചപ്പോള്‍, ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചത് ‘അറബ്പതി ദാദകളെ’ സൃഷ്ട്ടിക്കുന്നതിലായിരിന്നു,’ എന്നും മഹുവ വിമര്‍ശിച്ചു. ഇന്ത്യയുടെ ‘ലോക് തന്ത്രം’ ബി.ജെ.പിയുടെ ‘രാജ് തന്ത്ര’ത്തെ ഇല്ലാതാക്കിയെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ടി.എം.സി എം.പി ചോദ്യം ചെയ്തു.

Content Highlight: Mahua against the Prime Minister who swallowed Manipur in his speeches

We use cookies to give you the best possible experience. Learn more