| Friday, 6th August 2021, 9:27 pm

ഹിറ്റ്‌ലറുടെ വികലമായ ആശയങ്ങള്‍ തകര്‍ത്ത ജെസ്സി ഓവന്‍സിനെയാണ് ആഗസ്റ്റ് 5 ന് ഓര്‍ക്കേണ്ടതെന്ന് മോദിയോട് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ഇന്ത്യന്‍ വെങ്കല മെഡല്‍ നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

ആര്യവംശത്തെ മാത്രം അംഗീകരിച്ച ഹിറ്റ്‌റിന് സാക്ഷിയാക്കി ബെര്‍ലിന്‍ ഒളിംപിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജെസ്സി ഓവന്‍സിനെ പരാമര്‍ശിച്ചുകൊണ്ടാണ് മഹുവ മോദിയെ വിമര്‍ശിച്ചത്.

ആഗസ്റ്റ് 5 എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോ രാമക്ഷേത്ര നിര്‍മാണമോ അല്ല. ആഗസ്റ്റ് 5 നാണ് 1936 ഒളിമ്പിക്‌സില്‍ ആര്യന്‍ മേധാവിത്വത്തെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ വികലമായ ആശയങ്ങള്‍ തകര്‍ത്തുകൊണ്ട് ജെസ്സി ഓവന്‍സ് 200 മീറ്റര്‍ സ്പ്രിന്റ് നേടിയത് എന്നാണ് മഹുവ മോദിയെ ഓര്‍പ്പിച്ചത്.

ഒളിംപിക്‌സിലെ ഇന്ത്യയുടെ നേട്ടത്തെ മോദി താരതമ്യം ചെയ്ത രീതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ഇന്ത്യയുടെ വിജയത്തിന്റെ പ്രക്രിയ ആരംഭിച്ചതായി തോന്നുന്നു. ഇതില്‍, ആഗസ്റ്റ് 5 എന്ന തിയതി വളരെ സവിശേഷവും പ്രാധാന്യന്യവും അര്‍ഹിക്കുന്നതായി മാറിയിരിക്കുന്നു.
ഈ തീയതി വരും വര്‍ഷങ്ങളില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തും. രണ്ട് വര്‍ഷം മുമ്പ് ആഗസ്റ്റ് 5 നാണ് ഒറ്റ രാജ്യം എന്ന സ്വപ്നം ശക്തിപ്പെടുത്തിയത്. ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് ജമ്മു കശ്മീരിലെ ഓരോ പൗരനും എല്ലാ അവകാശങ്ങളിലും എല്ലാ ആനുകൂല്യങ്ങളിലും പൂര്‍ണ്ണ പങ്കാളിത്തം നല്‍കിയത് എന്നായിരുന്നു മോദി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mahua against Modi

We use cookies to give you the best possible experience. Learn more