Advertisement
national news
കങ്കണയുടെ പൊട്ടത്തരങ്ങള്‍ ന്യായീകരിക്കുന്ന പണി സംഘികളുടേതാണ്; കങ്കണ റണാവത്തിനെതിരെ മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 18, 03:29 am
Thursday, 18th November 2021, 8:59 am

ന്യൂദല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വീര്‍ ദാസിനെ പിന്തുണച്ച് രംഗത്തെത്തിയ മഹുവ കങ്കണയുടെ വിഷയത്തില്‍ എന്തുതരം പ്രതികരണമാണ് നടത്തുക എന്ന ചോദ്യത്തിനാണ് എല്ലാ പൊട്ടത്തരങ്ങള്‍ക്കുമൊപ്പം താന്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് മഹുവ പ്രതികരിച്ചത്.

ശരിയായ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും കങ്കണയുടെ പൊട്ടത്തരങ്ങള്‍ ന്യായീകരിക്കുന്ന പണി സംഘികളുടേതാണെന്നും അവരത് ചെയ്തുകൊള്ളുമെന്നും മഹുവ പറഞ്ഞു.

ഇന്ത്യയ്ക്ക് 2014 ലാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണ റണാവത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Mahua against Kangana