| Friday, 29th April 2022, 6:59 pm

പാന്റ് വാങ്ങാന്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നിര്‍ബന്ധം; ഡെക്കാത്തലോണിനെതിരെ മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഫ്രഞ്ച് സ്പോര്‍ട്ട്സ് റീ ടെയ്ലറായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഡെക്കാത്തലോണില്‍ സാധനം വാങ്ങാനെത്തിയ തന്നോട് മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കാന്‍ സ്റ്റോര്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്ന് മഹുവ പറഞ്ഞു.

ദല്‍ഹിയിലെ അന്‍സല്‍ പ്ലാസയിലെ ഡെക്കാത്തലോണിനെതിരെയാണ് മഹുവ പരാതിയുമായി രംഗത്തുവന്നത്. അച്ഛന് 1500 രൂപ വില വരുന്ന പാന്റു വാങ്ങി ബില്ലിംഗ് കൗണ്ടറില്‍ എത്തിയപ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആവശ്യപ്പെട്ടുവെന്നും മൊബൈല്‍ നമ്പര്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും മഹുവ പറഞ്ഞു. സ്റ്റോര്‍ മാനേജരെത്തി അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ബില്ലിംഗ് പൂര്‍ത്തിയാക്കിയതെന്നും മഹുവ പറഞ്ഞു.

യു.കെയിലെ ഡെക്കാത്തലോണില്‍ പോയി സാധാനം വാങ്ങാന്‍ മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ നല്‍കേണ്ടതില്ലെന്നും ഇന്ത്യയിലെ ഔട്ട്ലെറ്റുകളില്‍ മാത്രമാണ് ഇത്തരം സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ നടക്കുന്നതെന്നും മഹുവ പറഞ്ഞു.

Content Highlights: Mahua against Decathlon_India

We use cookies to give you the best possible experience. Learn more