| Saturday, 9th September 2023, 9:44 pm

ഇറാനില്‍ മഹ്‌സ അമിനിയുടെ രക്തസാക്ഷി ദിനത്തില്‍ കലാപത്തിന് പദ്ധതിയെന്ന് ആരോപിച്ച് അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ ഒന്നാം രക്തസാക്ഷി ദിനത്തില്‍ കലാപത്തിന് പദ്ധതിയിടുന്നതായി ആരോപിച്ച് ഇറാനില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇറാനിലെ ഒദ്യോഗിക വാര്‍ത്ത ഏജന്‍സിയായ  ഐ.ആര്‍.എന്‍.എയാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അറസ്റ്റിലായവരുടെ പേരുകളും മറ്റു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും നേരത്തെ നടന്ന പ്രതിഷേധ സമരങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നു എന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്‌ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സ് അഥവാ ഐ.ആര്‍.ജി.സിയുടെ ഇന്റലിജന്‍സ് വിഭാഗമാണ് ആറ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശിരോവസ്ത്രം ‘ശരിയായ’ രീതിയില്‍ ധരിച്ചില്ല എന്നാരോപിച്ച് അറസ്റ്റിലായ ഇറാനിലെ ഖുര്‍ദിഷ് വംശജയായ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി 2022 സെപ്തംബര്‍ 16ന് ഇറാനിലെ മതപൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിലാകെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇറാന്‍ ഭരണകൂടത്തിനിതിരെയും ഇറാനിലെ മതപൊലീസിങ്ങിനെതിരെയും വ്യാപകമായ പ്രതിഷേധം മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ടു.

വരുന്ന 16ന് മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികം വരാനിരിക്കെയാണ് പ്രതിഷേധങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ തന്നെ ഭരണകൂടം അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

content highlights: Mahsa Amini’s Martyrdom Day; 6 Arrested in Iran 

We use cookies to give you the best possible experience. Learn more