അമേരിക്കന്‍ ആധിപത്യം ഇനി നടപ്പിലാവില്ല: മഹ്മൂദ് അഹ്മദി നെജാദ്
World
അമേരിക്കന്‍ ആധിപത്യം ഇനി നടപ്പിലാവില്ല: മഹ്മൂദ് അഹ്മദി നെജാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2012, 10:18 am

ന്യൂയോര്‍ക്ക്: ലോകത്ത് അമേരിക്കന്‍ ശക്തിയുടെ ആധിപത്യം അവസാനിക്കേണ്ടതുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ്. യു.എന്‍ പൊതുസഭയില്‍ ഇന്നുനടത്തുന്ന പ്രസംഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുതിയ ലോകനിയമം നിലവില്‍ വരണം. അമേരിക്ക എന്ന രാജ്യത്തിന്റെ ആധിപത്യമാണ് ഇന്ന് ലോകത്ത് കാണുന്നത്. അത് അവാസാനിക്കേണ്ടതുണ്ട്.  രാജ്യാന്തരതലത്തില്‍ ഗുണ്ടായിസം നടപ്പാക്കുന്ന നിലപാടാണ് യു.എസ് സര്‍ക്കാരിന്റേതെന്ന് എല്ലാവര്‍ക്കുമറിയാം.[]

ലോകത്തെ മറ്റ് രാജ്യങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന രീതിയാണ് അമേരിക്കയുടേത്. കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നടത്താന്‍ ഉത്തരവിടുകയും അത് നടപ്പാക്കുകയും ചെയ്യുന്നു.

ഒരു ചക്രവര്‍ത്തി ഉത്തരവുകള്‍ നടപ്പാക്കുന്ന രീതി ലോകത്ത് ഇനി അധികകാലം നടപ്പാകാനിടയില്ല. അമേരിക്കയുടെ കാലം ഏതാണ്ട് കഴിയാറായി. ഇനി ലോകത്തിന്റെ അധികാരകസേരയില്‍ അവര്‍ ഇരിക്കില്ല- നെജാദ് പറഞ്ഞു.

സിറിയയില്‍ 18 മാസമായി നീളുന്ന ആഭ്യന്തര കലാപം പരിഹരിക്കാന്‍ ഒരു ഡസന്‍ രാജ്യങ്ങളെങ്കിലും ഉള്‍പ്പെടുന്ന ശ്രമത്തിലെ പങ്കാളിയാണ് ഇറാനെന്നും ഗള്‍ഫ് മേഖലയിലെ 11 രാജ്യങ്ങളെങ്കിലും ഉള്‍പ്പെടുന്ന ഈ സംഘം ന്യൂയോര്‍ക്കില്‍ അടുത്ത് തന്നെ കൂടിക്കാണുമെന്നും നിജാദ് വെളിപ്പെടുത്തി.

ഇറാന്‍ പ്രസിഡന്റായി യു.എന്‍ പൊതുസഭയില്‍ നെജാദിന്റെ അവസാന പ്രസംഗം ഇന്നാണ്. പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ സാന്നിധ്യത്തിലും 2005 ല്‍ താന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇറാന് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതിനകം 30,000 ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. ആണവ കേന്ദ്രങ്ങളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എന്‍ ഭീഷണി വകവയ്ക്കുന്നില്ലെന്ന് നെജാദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സിറിയയിലേക്ക് ഇറാന്‍ ആയുധങ്ങള്‍ അയയ്ക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുഎന്‍ ഉപരോധം ശക്തമാക്കുമെന്ന ഭീഷണികള്‍ വകവയ്ക്കുന്നില്ലെന്ന ശക്തമായ നിലപാടാണ് നെജാദ് സ്വീകരിച്ചിരിക്കുന്നത്.