കോട്ട തകര്‍ന്നിട്ടും രാജാവ് വീണിട്ടും ജയിക്കാനായി പൊരുതിയവനേ... മഹ്മദുള്ള, നിങ്ങള്‍ കയ്യടികളര്‍ഹിക്കുന്നു
icc world cup
കോട്ട തകര്‍ന്നിട്ടും രാജാവ് വീണിട്ടും ജയിക്കാനായി പൊരുതിയവനേ... മഹ്മദുള്ള, നിങ്ങള്‍ കയ്യടികളര്‍ഹിക്കുന്നു
ആദര്‍ശ് എം.കെ.
Tuesday, 24th October 2023, 11:16 pm

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും നാല് തോല്‍വിയുമായി രണ്ട് പോയിന്റാണ് നിലവില്‍ ബംഗ്ലാദേശിനുള്ളത്.

വാംഖഡെ സ്‌റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 149 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ബംഗ്ലാദേശിന് വഴങ്ങേണ്ടി വന്നത്. പ്രോട്ടീസ് ഉയര്‍ത്തിയ 384 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

383 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ ആദ്യ മൂന്ന് താരങ്ങളും കൂടാരം കയറി. തന്‍സിദ് ഹസന്‍ 12 റണ്‍സിനും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ ഒറ്റ റണ്‍സിനും പുറത്തായപ്പോള്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ മുഷ്ഫിഖര്‍ റഹീമും 58ല്‍ നില്‍ക്കവെ ലിട്ടണ്‍ ദാസും മടങ്ങി. എന്നാല്‍ ആറാം നമ്പറില്‍ ഇറങ്ങിയ മഹ്മദുള്ള തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ടീമിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ വീണിട്ടും പൊരുതാനുറച്ചുതന്നെയാണ് മഹ്മദുള്ള ബാറ്റ് വീശിയത്.

പിന്നാലെയെത്തിയവരെ ഒരു വശത്ത് നിര്‍ത്തി മഹ്മദുള്ള സ്‌കോര്‍ ഉയര്‍ത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല മഹ്മദുള്ള സ്വയം ഏറ്റെടുക്കുകയായിരുന്നു.

 

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ ക്രീസിലെത്തിയ മഹ്മദുള്ള ബംഗ്ലാദേശ് 227 റണ്‍സില്‍ നില്‍ക്കവെയാണ് പുറത്താകുന്നത്. ഇതിനിടയില്‍ ലിട്ടണ്‍ ദാസ്, മെഹിദി ഹസന്‍, നാസും അഹ്മദ്, ഹസന്‍ മഹ്മൂദ് എന്നിവര്‍ക്കൊപ്പം ചെറുതും വലുതുമായ കൂട്ടുകെട്ട് താരം പടുത്തുയര്‍ത്തിയിരുന്നു.

111 പന്തില്‍ 111 റണ്‍സ് നേടി നില്‍ക്കവെയാണ് മഹ്മദുള്ള പവലിയനിലേക്ക് തിരികെ നടക്കുന്നത്. ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ മാര്‍കോ യാന്‍സെന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഒമ്പതാം വിക്കറ്റായി മഹ്മദുള്ള വീണതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയായി.

ടീം ടോട്ടലില്‍ ആറ് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും പത്താം വിക്കറ്റും വീണതോടെ ലോകകപ്പിലെ നാലാം തോല്‍വിയുമായി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തേക്ക് ബംഗ്ലാദേശ് തലകുനിച്ച് നടന്നടുത്തു.

ബംഗ്ലാദേശ് ആരാധകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മത്സരമായി ഇത് മാറുമെങ്കിലും മഹ്മദുള്ളയുടെ ചെറുത്ത് നില്‍പ് ബംഗ്ലാദേശ് ക്രിക്കറ്റ് ഉള്ളിടത്തോളം കാലം നെഞ്ചേറ്റുമെന്നുറപ്പാണ്.

 

Content highlight: Mahmadullah scored century against South Africa

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.