| Tuesday, 31st October 2023, 5:32 pm

'ഇവനില്ലെങ്കില്‍ ബംഗ്ലാദേശില്ല', 'ലോകകപ്പിന്റെ മാണിക്യം'; വീണ്ടും കോട്ട കാത്ത് മഹ്‌മദുള്ള

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 31ാം മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടുകയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ ഓപ്പണര്‍ തന്‍സിദ് ഹസന്‍ പുറത്തായിരുന്നു. അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് ഹസന്‍ പുറത്തായത്.

പിന്നാലെയെത്തിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ മൂന്ന് പന്തില്‍ നാല് റണ്‍സിന് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുസ്തഫിസുര്‍ റഹീം എട്ട് പന്തില്‍ അഞ്ച് റണ്‍സും നേടി മടങ്ങി.

ടീം സ്‌കോര്‍ 23ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കവെയാണ് മഹ്‌മദുള്ള ക്രീസിലെത്തിയത്. തുടര്‍ന്ന് ഓപ്പണര്‍ ലിട്ടണ്‍ ദാസിനൊപ്പം സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിയ മഹ്‌മദുള്ള ബംഗ്ലാ ആരാധകര്‍ക്ക് ആശ്വാസമേകി.

ബൗണ്ടറികളടിച്ച് ഇരുവരും പാക് ബൗളേഴ്‌സിന് പരീക്ഷണമൊരുക്കി. ഒടുവില്‍ ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ 64 പന്തില്‍ 45 റണ്‍സ് നേടിയ ലിട്ടണ്‍ ദാസിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ച ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക് ത്രൂ നല്‍കി.

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനാണ് ശേഷം ക്രീസിലെത്തിയത്. ഷാകിബിനൊപ്പം അല്‍പനേരം തുടര്‍ന്നെങ്കിലും ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ മഹ്‌മദുള്ള പുറത്താവുകയായിരുന്നു. 70 പന്തില്‍ 56 റണ്‍സ് നേടിയാണ് മഹ്‌മദുള്ള പുറത്തായത്.

ഈ ലോകകപ്പില്‍ ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് മഹ്‌മദുള്ള. ഈ ലോകകപ്പില്‍ മാത്രമല്ല, ഇതിന് മുമ്പുള്ള ലോകകപ്പുകളിലും മഹ്‌മദുള്ള തന്നെയായിരുന്നു ബംഗ്ലാദേശിനെ താങ്ങി നിര്‍ത്തിയത്.

ലോകകപ്പുകളില്‍ ഇതുവരെ കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും 798 റണ്‍സാണ് താരം നേടിയത്. 66.5 എന്ന തകര്‍പ്പന്‍ ശരാശരിയിലും 88.17 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് മഹ്‌മദുള്ള ലോകകപ്പില്‍ റണ്‍സ് നേടിയത്.

ലോകകപ്പില്‍ ആറ് സെഞ്ച്വറികളാണ് ബംഗ്ലാദേശ് നേടിയിട്ടുള്ളത്. അതില്‍ മൂന്ന് സെഞ്ച്വറിയും മഹ്‌മദുള്ളയുടെ ബാറ്റില്‍ നിന്ന് തന്നെയായിരുന്നു.

62 (62), 103 (138), 128* (123), 21 (31), 46* (33), 20 (41), 28 (41), 69 (50), 27 (38), 41* (49), 46 (36), 111 (111), 20 (41), 56 (70) എന്നിങ്ങനെയാണ് മഹ്‌മദുള്ളയുടെ ലോകകപ്പിലെ പ്രകടനങ്ങള്‍.

പാകിസ്ഥാനെതിരായ മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പുകളില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരമാണെന്നും ലോകകപ്പുകളില്‍ ബംഗ്ലാദേശിനെ താങ്ങി നിര്‍ത്തുന്നവനാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് 200ലെത്തിയിരിക്കുകയാണ്. 43 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് 200 റണ്‍സ് നേടിയിരിക്കുന്നത്. 29 പന്തില്‍ 25 റണ്‍സുമായി മെഹ്ദി ഹസനും 12 പന്തില്‍ ആറ് റണ്‍സുമായി താസികിന്‍ അഹമ്മദുമാണ് ക്രീസില്‍.

Content Highlight: Mahmadullah’s batting performances in World Cups

We use cookies to give you the best possible experience. Learn more