| Friday, 14th October 2022, 8:04 am

​ഗാന്ധിയുടെ മുഖച്ഛായയുള്ള മഹിഷാസുരൻ; പത്ത് ദിവസത്തിന് ശേഷം പ്രതികരണവുമായി മമത ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ഗാന്ധിജിയുടെ മുഖവുമായി സാമ്യമുള്ള മഹിഷാസുരൻറെ പ്രതിമ ഉണ്ടാക്കിയ സംഭവത്തിൽ ഹിന്ദു മഹാസഭയ്ക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാ പൂജക്കിടെയായിരുന്നു സംഭവം. ഇതുവരെ വിഷയത്തിൽ മമത പ്രതികരിച്ചിരുന്നില്ല.

മഹിഷാസുരന് ഗാന്ധിയുടെ മുഖഛായ വന്നത് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നുവെന്നും അങ്ങേയറ്റം നിരാശ തോന്നിച്ച സംഭവമായിരുന്നുവെന്നും മമതാ ബാനർജി പറഞ്ഞു. വിഷയത്തിൽ നേരത്തെ പ്രതികരിക്കാതിരുന്നത് പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കുമെന്ന് കരുതിയാണെന്നും മമത കൂട്ടിച്ചേർത്തു.

ഹിന്ദു മഹാസഭ കൊൽക്കത്തയിൽ സംഘടിപ്പിച്ച ദുർഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയായിരുന്നു വിവാദത്തിലായത്. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുർഗാ ദേവിയുടെ ആരാധനാ പ്രതിമയിൽ മഹിഷാസുരന് പകരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോട് സാമ്യമുള്ള രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചത്.

ഗാന്ധി ജയന്തി ദിനത്തിൽ സ്ഥാപിച്ച പ്രതിമയിൽ അസുരന് പകരം വെച്ച രൂപത്തിൽ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുർഗാ ദേവി വധിക്കുന്നതായി കാണാം. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.

മാധ്യമ പ്രവർത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് വിവാദ പ്രതിമയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഇതിടയാക്കുമെന്ന പൊലീസ് നിർദേശത്തെത്തുടർന്ന് പിന്നീട് ട്വീറ്റ് നീക്കം ചെയ്തിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ പ്രതികരണവുമായി ഹിന്ദു മഹാസഭയും രം​ഗത്തെത്തിയിരുന്നു.

‘മുമ്പ് ആരാധിച്ചിരുന്ന വിഗ്രഹത്തിലും ഗാന്ധിയുടെ സമാനമായ രൂപമായിരുന്നു മഹിഷാസുരന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്. സമാനതകൾ യാദൃശ്ചികമാണ്. പൊലീസ് ഞങ്ങളോട് വിഗ്രഹത്തിലെ ഗാന്ധിയുടെ രൂപം മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാറ്റാൻ ഞങ്ങൾ ബാധ്യസ്ഥരായതിനാൽ രൂപത്തിന് മീശയും മുടിയും വെച്ചിട്ടുണ്ട്,’ ഹിന്ദു മഹാസഭാ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.

തൃണമൂൽ കോൺഗ്രസും പ്രതിപക്ഷ കക്ഷികളായ സി.പി.ഐ.എമ്മും, കോൺഗ്രസും, ബി.ജെ.പിയും ഹിന്ദു മഹാസഭയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

‘അതിക്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് രാഷ്ട്രപിതാവ് ഗാന്ധിയോടുള്ള അപമാനമാണ്. രാജ്യത്തെ ഓരോ പൗരനും ഇത് അപമാനമാണ്. ഇത്തരമൊരു അപമാനത്തെക്കുറിച്ച് ബി.ജെ.പി എന്ത് പറയും? ഗാന്ധിജിയുടെ ഘാതകൻ ഏത് പ്രത്യയശാസ്ത്ര ക്യാമ്പിൽ പെട്ടയാളാണെന്ന് ഞങ്ങൾക്കറിയാം,’ തൃണമൂൽ കോൺഗ്രസ് സംസ്ഥാന വക്താവ് കുനാൽ ഘോഷ് പറഞ്ഞു

‘ഹിന്ദു മഹാസഭ ഇത്തരമൊരു നീക്കം നടത്തിയത് നിർഭാഗ്യകരമാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് മോശം പ്രവർത്തിയാണ്,’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Content Highlight: Mahishasura with Gandhi’s complexion; Mamata Banerjee reacts after a week

We use cookies to give you the best possible experience. Learn more