രക്തച്ചൊരിച്ചിലോ യുദ്ധമോ തന്നെ ആനന്ദിപ്പിക്കുന്നില്ല; ഭീകരതയെ അപലപിച്ച് പാക്ക് നടി മഹിര ഖാന്‍
Daily News
രക്തച്ചൊരിച്ചിലോ യുദ്ധമോ തന്നെ ആനന്ദിപ്പിക്കുന്നില്ല; ഭീകരതയെ അപലപിച്ച് പാക്ക് നടി മഹിര ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2016, 7:52 pm

ഏത് മണ്ണിലായാലും ആളുകള്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നു. രക്തച്ചൊരിച്ചിലോ യുദ്ധമോ തന്നെ ആനന്ദിപ്പിക്കുന്നില്ല. സമാധാനം നിറഞ്ഞ ലോകം വിഭാവനം ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മഹിര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് പാക്ക് നടി മഹിര ഖാന്‍. പാക്കിസ്ഥാനിയായതിനാലും ലോക പൗരന്‍ എന്ന നിലയിലും ഏത് തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തെയും ശക്തമായി അപലപിക്കുന്നതായി മഹിര ഖാന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മഹിര ഖാന്റെ പ്രതികരണം. ഏത് മണ്ണിലായാലും ആളുകള്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നു. രക്തച്ചൊരിച്ചിലോ യുദ്ധമോ തന്നെ ആനന്ദിപ്പിക്കുന്നില്ല. സമാധാനം നിറഞ്ഞ ലോകം വിഭാവനം ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മഹിര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായും മഹിര ഖാന്‍ വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മഹിര അടക്കമുള്ള പാക്ക് താരങ്ങള്‍ക്കെതിരെ എം.എന്‍.എസും ശിവസേനയുമടക്കമുള്ള സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ഉടന്‍ ഇന്ത്യവിടണമെന്നായിരുന്നു ആവശ്യം. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹിര ഖാന്റെ പ്രതികരണം. ഷാരൂഖ് ഖാന്‍ നായകനായ രായീസ് ആണ് 33കാരിയായ മഹിര ഒടുവില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം.

നേരത്തെ ഇന്ത്യന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക്ക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനു ശേഷമേ ഇവരെ ഇന്ത്യന്‍ ചലചിത്രലോകവുമായി സഹകരിപ്പിക്കൂ എന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.