കളിക്കളത്തിലെ ‘കുറ്റവും ശിക്ഷയും’ പരിഗണിച്ചാല്‍ ക്ലീന്‍ ഇമേജില്‍ നില്‍ക്കുകയാണ് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള. ഒമ്പത് റൗണ്ടിലായി 27 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ റഫറിമാര്‍ക്ക് ആകെ ഉയര്‍ത്തേണ്ടി വന്നത് അഞ്ച് ചുവപ്പ് കാര്‍ഡും 91 മഞ്ഞക്കാര്‍ഡും മാത്രം.
ഫിഫ രാജ്യാന്തര തലത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമായെടുത്താല്‍ സൂപ്പര്‍ ലീഗ് കേരളയില്‍ ‘കുറ്റവും ശിക്ഷയും’ നന്നേ കുറവ്.
ലോകത്തെ 87 പ്രൊഫഷണല്‍ ലീഗുകളിലെ 1,01,491 മത്സരങ്ങള്‍ ഫിഫയുടെ നിര്‍ദേശപ്രകാരം പഠനവിധേയമാക്കിയപ്പോള്‍ ലഭിച്ച കണക്ക് ഇപ്രകാരമാണ്.
ശരാശരി ഓരോ കളിയിലും 4.42 മഞ്ഞക്കാര്‍ഡും 0.25 ചുവപ്പ് കാര്‍ഡും (ഓരോ നാല് കളിയിലും ഒരു ചുവപ്പ് കാര്‍ഡ്) റഫറിമാര്‍ പുറത്തെടുക്കുന്നു. എന്നാല്‍ സൂപ്പര്‍ ലീഗ് കേരളയില്‍ ഇത് യഥാക്രമം 3.37, 0.185 എന്നിങ്ങനെയാണ്.
ഒമ്പത് കളികളില്‍ 13 മഞ്ഞക്കാര്‍ഡ് മാത്രം വഴങ്ങിയ ഫോഴ്സ കൊച്ചിയാണ് ലീഗിലെ ‘മാന്യന്മാര്‍’. പതിമൂന്ന് മഞ്ഞയും രണ്ട് ചുവപ്പ് കാര്‍ഡും കണ്ട തിരുവനന്തപുരം കൊമ്പന്‍സ് ലീഗിലെ ‘വില്ലന്മാരും’.
കണ്ണൂര്‍ വാറിയേഴ്സ് (14 മഞ്ഞ, ഒരു ചുവപ്പ്), കാലിക്കറ്റ് എഫ്.സി (16 മഞ്ഞ, ഒരു ചുവപ്പ് ), മലപ്പുറം എഫ്.സി (22 മഞ്ഞ), തൃശൂര്‍ മാജിക് എഫ്.സി (15 മഞ്ഞ, ഒരു ചുവപ്പ്) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ വഴങ്ങിയ കാര്‍ഡുകള്‍.
തൃശൂര്‍ മാജിക് എഫ്.സിയുടെ കര്‍ണാടകക്കാരന്‍ ഹെന്‍ഡ്രി ആന്റണി, തിരുവനന്തപുരം കൊമ്പന്‍സിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പാട്രിക് മോട്ട, അബ്ദുല്‍ ബാദിശ്, കാലിക്കറ്റ് എഫ്.സി ഗോള്‍ കീപ്പര്‍ വിശാല്‍ ജൂന്‍, കണ്ണൂര്‍ വാരിയേഴ്സിന്റെ തിമോത്തി എന്നിവരാണ് ലീഗില്‍ ഇതുവരെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയവര്‍.
അഞ്ച് ചുവപ്പ് കാര്‍ഡ് കണ്ടതില്‍ മൂന്നും ഒന്‍പതാം റൗണ്ടിലെ മൂന്ന് മത്സരങ്ങളിലായിരുന്നു.
മഞ്ചേരിയില്‍ നടന്ന മലപ്പുറം – കണ്ണൂര്‍ മത്സരത്തിലെ റഫറിയിങ് സംബന്ധിച്ച് ആതിഥേയര്‍ പരാതി നല്‍കിയത് മാറ്റിനിര്‍ത്തിയാല്‍ റഫറിമാര്‍ക്കെതിരെ മറ്റു പരാതികള്‍ ഒന്നും ഇതുവരെ ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്.
ലീഗിലെ മിക്ക മത്സരങ്ങള്‍ക്കും ഗ്യാലറി നിറയെ കാണികള്‍ എത്തിയിരുന്നു. ട്രാവലിങ് ഫാന്‍സിനെയും എല്ലായിടത്തും കണ്ടു. എന്നാല്‍ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളോ അനിഷ്ടസംഭവങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തത് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയെ വേറിട്ടുനിര്‍ത്തുന്നു.
ലോക ഫുട്‌ബോള്‍ ഭരിക്കുന്ന ഫിഫയുടെ ആപ്തവാക്യമാണ് ‘My Game is Fair Play’ എന്നത്. അത് ആദ്യ സീസണില്‍ തന്നെ
സാര്‍ത്ഥകമാക്കാന്‍ പറ്റുന്നുവെന്നത് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ നടത്തിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമാണ്.