| Wednesday, 18th September 2024, 8:52 am

മലപ്പുറത്തിനെ മഞ്ചേരിയിലിട്ട് തീര്‍ത്തവന്‍മാര്‍ ഇന്ന് സ്വന്തം മണ്ണില്‍; പൃഥ്വിയുടെ കൊച്ചിക്കെതിരെ ബേസിലിന്റെ കോഴിക്കോട്

സ്പോര്‍ട്സ് ഡെസ്‌ക്

യുനെസ്‌കോ സാഹിത്യ നഗരമായ കോഴിക്കോടും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയും ഇന്ന് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ പരസ്പരം കൊമ്പുകോര്‍ക്കും. കാലിക്കറ്റ് എഫ്.സിയും ഫോഴ്‌സ കൊച്ചിയും തമ്മിലുള്ള മത്സരത്തിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയമാണ് വേദി. രാത്രി 7.30നാണ് കിക്കോഫ്.

ലീഗിന്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്.

തെക്കിന്റെ ഡ്യൂറണ്ട് കപ്പ് എന്ന് അറിയപ്പെട്ടിരുന്ന നാഗ്ജി ടൂര്‍ണമെന്റിന്റെയും മാനാഞ്ചിറ മൈതാനിയിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെയും ഉജ്ജ്വല ഫുട്‌ബോള്‍ സ്മരണകള്‍ ഇരമ്പുന്ന നഗരമാണ് കോഴിക്കോട്. സൂപ്പര്‍ ലീഗ് കേരളയുടെ വരവ് സാമൂതിരിയുടെ മണ്ണിനെ വീണ്ടും ഫുട്‌ബോള്‍ ജ്വരത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയം തുടരാന്‍ കാലിക്കറ്റ് എഫ്.സിയും ആദ്യ വിജയത്തിനായി കൊച്ചിയും കച്ചമുറുക്കുമ്പോള്‍ കളി കളറാകും.

കൊച്ചി x കോഴിക്കോട്

കോഴിക്കോടും കൊച്ചിയും ലജന്‍ഡറി ഫുട്‌ബോള്‍ താരങ്ങളുടെ ജന്മദേശം എന്നതിനൊപ്പം പ്രശസ്ത ക്ലബ്ബുകളുടെ മാതൃനഗരങ്ങള്‍ കൂടിയാണ്. അവയില്‍ പലതും ചരിത്രത്തിന്റെ ഭാഗമായി. പ്രീമിയര്‍ ടയേഴ്സ്, ഫാക്ട് ആലുവ, ഈഗിള്‍സ് എഫ്.സി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രല്‍ എക്‌സൈസ്, ഗോള്‍ഡണ്‍ ത്രെഡ്‌സ്… തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് വരെ നീളുന്ന ക്ലബ് ചരിത്രമാണ് കൊച്ചി രാജ്യത്തിന്റേത്.

ചലഞ്ചേഴ്‌സ്, യൂണിവേഴ്‌സല്‍, ബ്രീസ്, ബഡ്‌സ്, കെ.ടി.സി, മലബാര്‍ യുണൈറ്റഡ്… ഇന്റര്‍നാഷണല്‍ താരങ്ങളുടെ നേഴ്‌സറിയായിരുന്ന കോഴിക്കോടന്‍ ക്ലബ്ബുകളും നിരവധി.

സിറ്റി ഓഫ് ഫാന്‍സ്

ഇന്ത്യന്‍ ഫുട്‌ബോളില്‍ കൊല്‍ക്കത്ത കഴിഞ്ഞാല്‍ കാണികളുടെ നഗരമായി അറിയപ്പെടുന്നത് കോഴിക്കോടാണ്. ഫുട്‌ബോള്‍ താരങ്ങളെക്കാള്‍ പ്രശസ്തരായ കാണികള്‍ ഉണ്ടായിരുന്ന നാട്. ഓട്ടോ ചന്ദ്രനും അപ്പുവേട്ടനും അബ്ദുറയുമെല്ലാം അവരില്‍ ചിലര്‍ മാത്രം.

മൈതാനത്ത് വിസിലും വെളിച്ചവും ഉയര്‍ന്നാല്‍ വെള്ളയിലും വെസ്റ്റ് ഹില്ലിലും കുറ്റിച്ചിറയിലും കുന്ദമംഗലത്തുമെല്ലാം ആരവമുയരും. തൊഴിലാളികള്‍ ജോലി നിര്‍ത്തി ഗ്യാലറിയില്‍ ഇടം പിടിക്കും. ആരവം മുഴക്കും.

കാലിക്കറ്റ് എഫ്.സിയുടെ ബീക്കണ്‍സ് ബ്രിഗേഡ് എന്ന ആരാധക സംഘം കൂടെ ഗ്യാലറിയില്‍ എത്തുന്നതോടെ ഇന്ന് കോഴിക്കോടന്‍ പടക്കളത്തിന് തീപ്പിടിക്കും. മലപ്പുറം – കാലിക്കറ്റ് മത്സരത്തിനായി ബീക്കണ്‍സ് ബ്രിഗേഡ് നിരവധി ബസുകളിലായി മഞ്ചേരിയില്‍ എത്തിയിരുന്നു. ടീമിനെ വിജയിപ്പിച്ചാണ് അവര്‍ മടങ്ങിയത്.

ഗിലാന്റെ ഗനി

മലപ്പുറം എഫ്.സിയെ അവരുടെ തട്ടകമായ മഞ്ചേരിയില്‍ പോയി കാലിക്കറ്റ് എഫ്.സി മൂന്ന് ഗോളിന് കൊല്ലാകൊല ചെയ്യുമ്പോള്‍ രണ്ട് ഗോളുകള്‍ പിറന്നത് ഗനി അഹമ്മദ് നിഗം എന്ന നാട്ടുപയ്യന്റെ ബൂട്ടില്‍ നിന്ന്. 26 വയസിനിടെ ഹൈദരാബാദ് എഫ്.സി, ഗോകുലം കേരള, മുഹമ്മദന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ കുപ്പായമിട്ട ഗനി ഗോള്‍ പോസ്റ്റിന് മുന്നിലെ മാന്ത്രികനായി അറിയപ്പെടുന്നു.

ഏത് പ്രതിരോധവും അനായാസം മറികടക്കുന്ന ഗനി കൂള്‍ ഫിനിഷര്‍ കൂടിയാണ്. ഇന്ന് കൊച്ചിക്ക് എതിരെയും കാലിക്കറ്റ് കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലാന്റെ ആദ്യ ചോയ്‌സ് ഗനി തന്നെയാവും. കോഴിക്കോട് നഗരത്തിലെ പരിശീലനത്തിലൂടെ വളര്‍ന്ന ഗനി നാദാപുരം സ്വദേശിയാണ്. ഗനിക്കളി കാണാന്‍ താരത്തിന്റെ നാട്ടുകാര്‍ കൂടി എത്തുന്നതോടെ ഗ്യാലറി ത്രസിക്കും. ഒപ്പം മലപ്പുറം, വയനാട്, കണ്ണൂര്‍ ഫാന്‍സും എത്തും.

കൊച്ചി മാറും

ബ്യൂട്ടിഫുള്‍ ഗെയിം എന്ന ഫുട്‌ബോള്‍ സിനിമയില്‍ അഭിനയിക്കാനിരിക്കുന്ന പൃഥ്വിരാജിന്റെയും പങ്കാളിയുടെയും സ്വന്തം ടീമായ ഫോഴ്‌സ കൊച്ചി ലീഗിലെ ആദ്യ വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. എതിരാളികളുടെ ബ്രാന്‍ഡ് അംബാസഡറാകട്ടെ ബേസില്‍ ജോസഫും.

ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ മലപ്പുറം എഫ്.സിയോട് തോല്‍വി വഴങ്ങിയ ടീം രണ്ടാം അങ്കത്തില്‍ കണ്ണൂരിനോട് സമനില വഴങ്ങിയിരുന്നു.

ലീഗില്‍ വലിയ സ്വപ്നങ്ങളുള്ള ടീമിന് ഇന്ന് ജയിച്ചേ തീരൂ. അര്‍ജുന്‍ ജയരാജ്, നിജോ ഗില്‍ബര്‍ട്ട്, ആസിഫ് തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളുമായി ഇറങ്ങുന്ന ടീം കൊച്ചി ആദ്യ കളികളിലെ പിഴവുകള്‍ തിരുത്തിയാവും കാലിക്കറ്റ് എഫ്.സിയെ നേരിടുക. കണ്ണൂരുമായി കോഴിക്കോട് സ്റ്റേഡിയത്തില്‍ കളിച്ച പരിചയവും അവര്‍ക്ക് ഗുണം ചെയ്യും.

ലീഗിലെ ആദ്യ ജയം കുറിക്കാന്‍ കൊച്ചിയും വിജയം തുടരാന്‍ കാലിക്കറ്റും ഇറങ്ങുമ്പോള്‍ ഇന്ന് പ്രഥമ മുഖ്യന്റെ പേരിലുള്ള കോഴിക്കോട് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക ഉജ്ജ്വലമായൊരു കാല്‍പ്പന്ത് പോരാട്ടത്തിനാവും.

Content highlight: Mahindra Super League Kerala: Calicut FC will face Forca Kochi

We use cookies to give you the best possible experience. Learn more