| Monday, 4th April 2016, 3:14 pm

മഹീന്ദ്ര മൊജോ 11 സംസ്ഥാനങ്ങളിലേക്കു കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹീന്ദ്ര ടു വീലേഴ്‌സിന്റെ 300 സി.സി ബൈക്ക് മൊജോ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തി. കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ശേഷം ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ടൂറിങ് ബൈക്ക് വിഭാഗത്തില്‍പെട്ട മൊജോ വില്‍പ്പനയ്ക്കുണ്ടായിരുന്നത്. അവതരണ വേളയില്‍ ഡല്‍ഹി ഷോറൂമില്‍ 1.58 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ വില. എന്നാല്‍ ഒരു മാസത്തിനു ശേഷം മഹീന്ദ്ര ബൈക്കിന്റെ വില 5,000 രൂപ വര്‍ധിപ്പിച്ച് 1.63 ലക്ഷം രൂപയാക്കി.

ആദ്യഘട്ടത്തില്‍ ദല്‍ഹി, മുംബൈ, പുണെ, ബംഗളൂരു നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ മാത്രമാണു മൊജോ ലഭ്യമായിരുന്നത്. രണ്ടാം ഘട്ട വിപണനം യാഥാര്‍ഥ്യമായതോടെ 14 സംസ്ഥാനങ്ങളില്‍ മൊജോ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്.

295 സി.സി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, എന്‍ജിനാണു മൊജോയ്ക്കു കരുത്തേകുന്നത്; 27 ബി.എച്ച്.പി കരുത്തും 30 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിനാവും. 6 സ്പീഡ് ട്രാന്‍സ്മിഷനോടെ എത്തുന്ന ബൈക്കിന്റെ എതിരാളികള്‍ ഹോണ്ട സി.ബി.ആര്‍ 250 ആര്‍, കെ.ടി.എം ഡ്യൂക്ക് 390 എന്നിവയും വിലയുടെ അടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയനുമൊക്കെയാണ്.

എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുള്ള ഹെഡ്‌ലാംപ്, അണ്ടര്‍ എന്‍ജിന്‍ കൗള്‍, ഇരു നിറമുള്ള സീറ്റ്, ലാപ് ടൈമര്‍ സഹിതമുള്ള ഇന്‍സ്ട്രമെന്റ് പാനല്‍, പിരേലി ഡയാബ്ലൊ റോസൊ ടയര്‍ സഹിതം 17 ഇഞ്ച് അലോയ് വീല്‍ എന്നിവയൊക്കെ മൊജോയില്‍ മഹീന്ദ്ര ടു വീലേഴ്‌സ് വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര ടു വീലര്‍ ശ്രേണിയിലെ ആവേശകരമായ മോഡലാണു മൊജോ എന്നു കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ വിനോദ് സഹായ് അഭിപ്രായപ്പെട്ടു. ബൈക്കിന്റെ സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് 14 സംസ്ഥാനങ്ങളിലെ 34 ഡീലര്‍ഷിപ്പുകളിലേക്കു മൊജോയുടെ വിപണനം വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മൊജോ ആരാധകരുടെ കൂട്ടായ്മയായി “മൊജോ ട്രൈബി”നും മഹീന്ദ്ര ടു വീലേഴ്‌സ് രൂപം നല്‍കിയിട്ടുണ്ട്. ബൈക്ക് ഉടമകള്‍ക്ക് റൈഡിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതിയ യാത്രകള്‍ ആസൂത്രണം ചെയ്യാനുമൊക്കെയുള്ള സംഗമ വേദിയായിട്ടാണു “മൊജോ ട്രൈബി”ന്റെ ഘടന. അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം അനായാസമാക്കാന്‍ പ്രത്യേക മൊജോ ട്രൈബ് മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more