മാഗ്‌നറ്റിക് ടാങ്ക് ബാഗ്, സാഡില്‍ ബാഗ്, കാരിയര്‍, മൊബൈല്‍ ഹോള്‍ഡര്‍, ഫ്രണ്ട് ഗാര്‍ഡ്, പനിയര്‍ മൗണ്ട്, മൗണ്ട് സഹിതം ഫോഗ് ലാംപ് എന്നിവ ഉള്‍പ്പെടുന്ന അക്‌സസറി കിറ്റാണ് ടൂറര്‍ പതിപ്പിന്റെ സവിശേഷത.
ഉത്സവ സീസണ്‍ പ്രമാണിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇരുചക്രവാഹന ഉപകമ്പനിയായ മഹീന്ദ്ര ടു വീലേഴ്‌സ് ലിമിറ്റഡ്(എം.ടി.ഡബ്ല്യു.എല്‍) ടൂറിങ് ബൈക്കായ മോജൊയുടെ ടൂറര്‍ പതിപ്പ് പുറത്തിറക്കി.
മാഗ്‌നറ്റിക് ടാങ്ക് ബാഗ്, സാഡില്‍ ബാഗ്, കാരിയര്‍, മൊബൈല്‍ ഹോള്‍ഡര്‍, ഫ്രണ്ട് ഗാര്‍ഡ്, പനിയര്‍ മൗണ്ട്, മൗണ്ട് സഹിതം ഫോഗ് ലാംപ് എന്നിവ ഉള്‍പ്പെടുന്ന അക്‌സസറി കിറ്റാണ് ടൂറര്‍ പതിപ്പിന്റെ സവിശേഷത. ദല്‍ഹി ഷോറൂമില്‍ 1,88,850 രൂപയാണ് ബൈക്കിനു വില.
ദീര്‍ഘദൂര യാത്രാവേളകളില്‍ അധികമുള്ള ലഗേജ് കൊണ്ടുപോകാന്‍ വേണ്ടിയാണ് സാഡില്‍ കാരിയറും പനിയര്‍ മൗണ്ടും. നാല് റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകളുടെ പിന്‍ബലത്തോടെ മികച്ച ഗ്രിപ്പ് നേടുന്ന മാഗ്‌നറ്റിക് ടാങ്ക് ബാഗിന്റെ സംഭരണ ശേഷി 13 ലീറ്ററാണ്.
യാത്ര സുഗമമാക്കാനും എളുപ്പത്തില്‍ വഴി കണ്ടുപിടിക്കാനും സഹായകമാണ് മൊബൈല്‍ ഹോള്‍ഡര്‍. ബൈക്കിന്റെ മുന്‍ഭാഗത്തെ സുരക്ഷിതമാക്കുകയാണ് ഫ്രണ്ട് ഗാര്‍ഡിന്റെ ദൗത്യം. പ്രതികൂല കാലാവസ്ഥയിലും മികച്ച കാഴ്ച ഉറപ്പുവരുത്താനാണ് ഫോഗ് ലാംപ് അതു ഘടിപ്പിക്കാനുള്ള മൗണ്ടും ബൈക്കിനൊപ്പമുള്ളത്. കൂടാതെ പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ ബൈക്കിനൊപ്പം ടൂറര്‍ ജാക്കറ്റും മഹീന്ദ്ര സൗജന്യമായി നല്‍കുന്നുണ്ട്.
ബൈക്കുകളില്‍ അക്‌സസറികള്‍ ഘടിപ്പിക്കുന്ന യുവതലമുറയെ തിരിച്ചറിഞ്ഞാണ് കമ്പനി മോജൊ ടൂറര്‍ പതിപ്പ് പുറത്തിറക്കിയതെന്ന് മഹീന്ദ്ര ടു വീലേഴ്‌സ് സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര അറിയിച്ചു.
പുതിയ സ്ഥലങ്ങള്‍ തേടിപ്പോകുന്നത് ഹരമാക്കിയവരേയും ടൂറിങ്ങില്‍ ആവേശം കണ്ടെത്തുന്നവരേയും ലക്ഷ്യമിട്ടാണ് ഈ ബൈക്കിന്റെ വരവ്. ടൂറിങ് ആസ്വദിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത വാഹനമാകും മോജൊ ടൂറര്‍ പതിപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു.