| Saturday, 14th September 2019, 7:42 am

കാര്‍ വില്പന തകരുന്നു; മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ പതിനാല് ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാഹനത്തിന് ഡിമാന്റ് ഉയരുന്നില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക മുന്നറിയിപ്പു നല്‍കിയിരുന്നു.

‘ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ വ്യവസായ രംഗത്ത് ഉണര്‍വ്വുണ്ടായില്ലെങ്കില്‍ ചില തൊഴില്‍ നഷ്ടങ്ങള്‍ കാണേണ്ടിവരുമെന്നാണ് എന്റെ പേടി.’ ഗോയങ്ക പറഞ്ഞു. ആഘോഷ സീസണുകള്‍ക്ക് മുന്നോടിയായുള്ള ജി.എസ്.ടി വെട്ടിക്കുറക്കല്‍ ഡിമാന്റ് ഉയരാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. തുടര്‍ച്ചയായ 10 മാസത്തില്‍ കാര്‍ വില്പനയില്‍ തകര്‍ച്ച നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്.

സെപ്റ്റംബര്‍ ആദ്യ വാരം പൂനെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്‌സും അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more