| Friday, 5th April 2013, 12:54 pm

മഹീന്ദ്ര ഇ 2 ഒ കേരളത്തിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹീന്ദ്ര റേവയുടെ ഇലക്ട്രിക് കാര്‍ ഇ ടു ഒ ( E2O) കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തി. അടിസ്ഥാന വകഭേദമായ ടി 0 ന് 6.70 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. നിരത്തിലിറങ്ങുമ്പോള്‍ കാറിനു വില 7.44 ലക്ഷം രൂപ. []

ലിതിയം അയോണ്‍ ബാറ്ററിയില്‍ സംഭരിക്കുന്ന ഊര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 25.5 ബിഎച്ച്പി  53 എന്‍എം ത്രീ ഫേസ് ഇലക്ട്രിക് മോട്ടോര്‍ ആണ് കാറിനു ചലനമേകുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 100 കിമീ ദൂരം ഓടാനാവും.

അഞ്ചു മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജാകും. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 20 കിമീ ഓടും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിന് മണിക്കൂറില്‍ 81 കിലോമീറ്ററാണ് പരമാവധി വേഗം.

ഹൈബ്രിഡ് കാറുകളെപ്പോലെ, ബ്രേക്ക് ചെയ്യുമ്പോള്‍ ഊര്‍ജം പാഴാകാതെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന സംവിധാനം ഇതിനുണ്ട്. നാലു പേര്‍ക്ക് യാത്ര ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വണ്ടി ലോക്ക്  അണ്‍ലോക്ക് ചെയ്യാനും എസി പ്രവര്‍ത്തിപ്പിക്കാനുമാകും.

ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്നതിനാല്‍ ബോഡി ഭാരം അധികമായിട്ടില്ല, 830 കിലോഗ്രാം. നഗരങ്ങളിലെ പാര്‍ക്കിങ്ങും യൂ ടേണുമൊക്കെ 3.9 മീറ്റര്‍ ടേണിങ് റേഡിയസ് അനായാസമാക്കും.

ഇ ടു ഒ ആറു നിറങ്ങളില്‍ ലഭ്യമാണ്. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ , മ്യൂസിക് സിസ്റ്റം എന്നീ അധിക സൗകര്യങ്ങളുള്ള ടി ടു മോഡലിനു വില 7.05 ലക്ഷം രൂപ.

We use cookies to give you the best possible experience. Learn more