[] ##മഹീന്ദ്ര ടൂ വിലേഴ്‌സിന്റെ രണ്ടാമത് ബൈക്ക് മോഡലായ സെഞ്ചുറോ വിപണിയിലെത്തി. കമ്യൂട്ടര്‍ ബൈക്കായ പാന്തറോയുടെ വിലകൂടിയ പതിപ്പാണിത്. രൂപഭംഗിയും ഫീച്ചേഴ്‌സുമൊക്കെ ഇതിനു കൂടുതലുണ്ട്.
കാറിലേതിനു സമാനമായ ചില ഫീച്ചേഴ്‌സ് സെഞ്ചുറോയ്ക്കുണ്ട്. ബൈക്കിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ സര്‍വീസ് ചെയ്യേണ്ട സമയം ഓര്‍മിപ്പിക്കുന്ന സംവിധാനം , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന വിവരം എന്നിവ കാണാം. ഫോളോ മീ ഹോം ഹെഡ് ലാംപ് മറ്റൊരു സവിശേഷതയാണ്. ഇഗ്‌നീഷന്‍ കീ ഓഫ് ചെയ്തശേഷവും അല്‍പ്പനേരത്തേക്ക് ഹെഡ് ലാംപ് തെളിഞ്ഞുനിന്ന് വഴികാട്ടും.[]
ഇരുട്ടത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിനെ കണ്ടുപിടിക്കാന്‍ റിമോട്ട് കീയിലുള്ള ബട്ടനില്‍ വിരല്‍ അമര്‍ത്തിയാല്‍ മതി, ലൈറ്റ് തെളിച്ച് ബൈക്ക് സ്ഥാനം അറിയിക്കും. ആന്റി തെഫ്ട് അലാറം, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവയുമുണ്ട്. ആരെങ്കിലും വണ്ടി മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴക്കി സൂചന നല്‍കും.
പാന്തറോയിലെ 107 സി.സി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് സെഞ്ചുറോയ്ക്കും. 8.4 ബി.എച്ച്.പി 8.5 എന്‍.എം ശേഷിയുള്ള എന്‍ജിന്‍ അധിക മൈലേജ് നല്‍കും വിധം പരിഷ്‌കരിച്ചിട്ടുണ്ട്. ലീറ്ററിനു 85.40 കി.മീ മൈലേജ് ( പാന്തറോയ്ക്ക് 79.4 കി.മീ ) നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ടാക്കോ മീറ്റര്‍ , അലോയ് വീലുകള്‍ എന്നിവയുണ്ട്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്.
സെല്‍ഫ് സ്റ്റാര്‍ട്ട് വകഭേദമുള്ള ബൈക്കിന് ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി പോലും ലഭ്യമല്ല. കറുപ്പ്, ചുവപ്പ് എന്നീ ബോഡി നിറങ്ങളുണ്ട്. പാന്തറോയെക്കാള്‍ 5,000 രൂപയോളം സെഞ്ചുറോയ്ക്ക് അധികം കൊടുക്കണം. ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ഡ്രീം യുഗ, സുസൂക്കി ഹയാത്തെ എന്നിവയോടു മത്സരിക്കുന്ന മഹീന്ദ്ര ബൈക്കിന് 45,000 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് 1000 രൂപ വിലക്കിഴിവ് ലഭിക്കും.