|

മാരുതിക്ക് പിന്നാലെ മഹീന്ദ്രയും; വാഹന വില്‍പനയില്‍ വന്‍ ഇടിവ്; വാഹനനിര്‍മ്മാണ മേഖലയെ പിടിച്ചുലച്ച് സാമ്പത്തിക പ്രതിസന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാര്‍ വിപണിയില്‍ മാരുതി സുസുക്കി കടുത്ത പ്രതിസന്ധി നേരിടുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പനയിലും ഇടിവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ 25 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കമ്പനി 2018 ഓഗസ്റ്റില്‍ വിറ്റ കാറുകളുടെ എണ്ണം 48,324 ആണ്. അതേസമയം, ഓഗസ്റ്റില്‍ 36,085 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. ഓഗസ്റ്റില്‍ കമ്പനിയുടെ കാര്‍ വില്‍പനയിലുണ്ടായ ഇടിവിനെക്കുറിച്ച് മഹീന്ദ്ര ആന്റ് മഹന്ദ്ര പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രാദേശിക വിപണിയില്‍ 26 ശതമാനത്തിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റില്‍ 45,373 കാറുകള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിഞ്ഞ കമ്പനിക്ക് പക്ഷേ, ഇത്തവണ വില്‍ക്കാനായത് 33,564 കാറുകള്‍ മാത്രമാണ്.

കമ്പനിയുടെ കയറ്റുമതിയിലും 15 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,951 കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇത്തവണയത് 2,521 ആയി കുറഞ്ഞു.

മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍, കാര്‍, വാന്‍ തുടങ്ങിയവയില്‍ ഓഗസ്റ്റ് മാസം ആകെ വിറ്റുപോയത് 13,507 എണ്ണം മാത്രമാണ്. എന്നാല്‍, ഇത്തരം വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 19,758 എണ്ണം വിറ്റിരുന്നു. അതായത് ഈ വാഹനങ്ങളുടെ വില്‍പനയില്‍ മാത്രം 32 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പനിയുടെ വാണിജ്യ ആവശ്യത്തിനായുള്ള വാഹനങ്ങളുടെ വിപണിയും രൂക്ഷമായ ഞെരുക്കത്തിലാണ്. ഓഗസ്റ്റില്‍ 14,684 വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 20,326 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിടത്താണ് ഈ ഇടിവ്. 28 ശതമാനത്തിന്റെ ഇടിവാണ് ഈ ഇനത്തിലുണ്ടായത്.

ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫെസ്റ്റിവല്‍ സീസണില്‍ മാത്രമാണ് പ്രതീക്ഷയെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ തലവന്‍ വിജയ് റാം നക്ര അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവാണെന്ന റിപ്പോര്‍ട്ട് മാരുതി പുറത്തുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല ഞെരുങ്ങുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ സംഭവിച്ച ഇടിവിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കള്‍.

മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ