മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്.യു.വി ആള്‍ട്യുറാസ് G4 വില്‍പ്പനയ്‌ക്കെത്തുന്നു. 2018 ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച പുതുതലമുറ സാങ്യോങ് G4 റെക്സ്റ്റണ്‍ എസ്.യു.വിയാണ് വരാനിരിക്കുന്ന മഹീന്ദ്ര ആള്‍ട്യുറാസ് G4. നവംബര്‍ 24ന് ഇന്ത്യയില്‍ വില്‍പനക്കെത്തും.
റെക്സ്റ്റണില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ പുറംമോടിയില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ട്. വലിയ അലോയ് വീലുകള്‍ വാഹനത്തിന്റെ സ്പോര്‍ടി ഭാവം വെളിപ്പെടുത്തും. ക്രോം ആവരണം നേടിയ ഗ്രില്ലില്‍ തുടങ്ങും എസ്.യു.വിയുടെ ഡിസൈന്‍ വിശേഷങ്ങള്‍. എല്‍.ഇ.ഡി ഹെഡ് ലാമ്പുകളിലും ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളിലും റെക്സ്റ്റണിന്റെ പ്രഭാവം കാണാം.
4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും റെക്സ്റ്റണ്‍ എസ്.യു.വിക്കുണ്ട്. 2,865 mm ആണ് വീല്‍ബേസ്. അതായത് ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് മഹീന്ദ്ര എസ്.യു.വി അവകാശപ്പെടും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും.
ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ്.യു.വിയുടെ വിശേഷങ്ങളില്‍പ്പെടും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഒമ്പതു എയര്‍ബാഗുകള്‍ എസ്.യു.വിലുണ്ട്.
ആന്റി- ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്‌സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇ മൊബിലൈസര്‍, ആക്ടിവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും മഹീന്ദ്ര എസ്.യു.വിയില്‍ തുടിക്കുക. എഞ്ചിന് 187 bhp കരുത്തും 420 Nm torqueഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഒരുപക്ഷേ 222 bhു കരുത്തും 350 Nm torqueമുള്ള 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനേയും മോഡലില്‍ കമ്പനി നല്‍കിയേക്കും.
ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ എങ്കിലും, 20 മുതല്‍ 25 ലക്ഷം രൂപ വരെ പുതിയ മഹീന്ദ്ര ആള്‍ട്യുറാസ് G4ന് വിപണിയില്‍ വില പ്രതീക്ഷിക്കാം.
ടൊയോട്ട ഫോര്‍ച്യൂണറിന് പുറമെ ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ എസ്.യു.വികളാകും മഹീന്ദ്ര എസ്.യു.വിയുടെ പ്രധാന എതിരാളികള്‍. ആള്‍ട്യുറാസ് G4 ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു.