[] കൊളംബോ: ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇക്കാര്‍ക്കെതിരെ നടത്തിയ സൈനിക നടപടിയില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജ്യത്തെ തമിഴ് പ്രശ്‌നം പഠിക്കാനും പരിഹരിക്കാനും പ്രസിഡന്റ് മഹീന്ദ രാജപക്‌സെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
രാജപക്‌സയുടെ ഇസ്രായേല്‍ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ് ഭൂരിപക്ഷ മേഖലകളില്‍ സൈന്യം ഇപ്പോഴും ആക്രമണം നടത്തുന്നുണ്ടെന്ന വാദം രാജപക്‌സെ തള്ളി. ശ്രീലങ്കയില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സര്‍ക്കാറുകള്‍ തീവ്രവാദത്തിനെതിരെ യുദ്ധം ചെയ്യുകയാണ്.
ഇക്കാരണത്താല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച താഴ്ന്നു. എന്നാല്‍, 2009 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും സമാധാനം പുന:സ്ഥാപിക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദം നിര്‍മാര്‍ജനം ചെയ്ത തങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തുകയാണെന്ന് അദ്ദേഹം ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കി.
ചില പാശ്ചാത്യരാജ്യങ്ങള്‍ ശ്രീലങ്കക്കുനേരെ ആസൂത്രിത നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്ക നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു.
എ.ല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനെ ശ്രീലങ്കന്‍ സേന വധിച്ച ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശ്രീലങ്കയിലെ തമിഴ് വംശജരോട് ശ്രീലങ്ക ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.