| Thursday, 7th December 2023, 11:52 am

പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചു നോക്കിയ മഹിമ, ഒടുവില്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക്; അനുഭവം പങ്കുവെച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിയിലെത്തിയ മഹിമ മലയാളികളുടെ പ്രിയതാരമായി മാറുന്നത് ആര്‍.ഡി.എക്‌സിലെ മിനി എന്ന കഥാപാത്രത്തിലൂടെയാണ്.

ഷെയ്‌ന്റെ നായികയായി ചിത്രത്തില്‍ മഹിമ തിളങ്ങി. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മഹിമ. ഷെയ്ന്‍ തന്നെ നായകനാകുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ടിലും മഹിമ തന്നെയാണ് നായിക.

ആര്‍.ഡി.എക്‌സില്‍ പാട്ടും ഡാന്‍സും റൊമാന്‍സും ചെയ്യുന്നതിനോടൊപ്പം തന്നെ ആക്ഷന്‍ രംഗങ്ങളിലും മഹിമ തകര്‍ത്തിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ചെയ്യേണ്ടി വന്ന ആ ആക്ഷന്‍ രംഗത്തെ കുറിച്ചും ചെറുപ്പത്തില്‍ പാഞ്ചാലിയായി അഭിനയിച്ച് വരുത്തിവെച്ച അപകടത്തെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹിമ.

ആര്‍.ഡി.എക്‌സിലേക്ക് വിളിക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു ഒരു സീനില്‍ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനില്‍ ചെന്ന ദിവസം മുതല്‍ കാണുന്നത് നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്.

അപ്പോഴും എന്നോട് ഒരു തയ്യാറെടുപ്പും നടത്താന്‍ ആരും പറഞ്ഞില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീന്‍ കാണിച്ചു തന്നത്. ഞെട്ടിപ്പോയി, കുറച്ചു കഷ്ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയറ്ററില്‍ ആ സീനിനു വലിയ കയ്യടി കിട്ടി.

റിയല്‍ ലൈഫില്‍ ഞാന്‍ സമാധാനത്തിന്റെ വെള്ളരി പ്രാവാണ് കേട്ടോ, ഒരു വഴക്കിനും ഇല്ല. പക്ഷേ, കുട്ടിക്കാലത്ത് ചേട്ടനുമായി ചേര്‍ന്ന് ഉണ്ടാക്കാത്ത കുരുത്തക്കേടുകളില്ല. മഹാഭാരതം സീരിയല്‍ ടി.വിയില്‍ കണ്ടിട്ട് ഞങ്ങള്‍ പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചുനോക്കി. സാരിയായി ചുറ്റിയത് ബെഡ് ഷീറ്റാണ്. അവസാനം ചേട്ടന്‍ അതിന്റെ അറ്റത്ത് പിടിച്ച് ഒറ്റ വലി ഞാന്‍ കറങ്ങിക്കറങ്ങി മുകള്‍ നിലയില്‍ നിന്ന് സ്റ്റെപ്പുകളിലൂടെ ഉരുണ്ടുരുണ്ട് താഴെ ലാന്‍ഡ് ചെയ്തു. നെറ്റിയിലും താടിയിലും അന്നത്തെ മുറിവിന്റെ പാട് ഇപ്പോഴുമുണ്ട്,’ മഹിമ പറയുന്നു.

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിച്ചു. ‘ തത്ക്കാലം എനിക്ക് എന്നോട് തന്നെയാണ് പ്രണയം. ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്നതാണ്. വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം,’ മഹിമ പറയുന്നു.

ലിറ്റില്‍ ഹാര്‍ട്‌സിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേശിലാണ് മഹിമ അഭിനയിക്കുന്നത്. മലയാളത്തില്‍ രണ്ട് സിനിമകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്.

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയ 800 ആണ് മഹിമയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ മുത്തയ്യ മുരളീധരന്റെ ഭാര്യയായ മതിമലറിന്റെ വേഷമാണ് മഹിമ ചെയ്യുന്നത്.

Content Highlight: Mahima Nambyar about Herchilhood and an accident she met

We use cookies to give you the best possible experience. Learn more