ആര്‍.ഡി.എക്‌സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാര്‍. ആര്‍. ഡി. എക്സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടി കൊടുത്തത് ആര്‍.ഡി.എക്‌സ് ആയിരുന്നു.
കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. വാലാട്ടി, മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മഹിമ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആര്‍.ഡി.എക്‌സിലാണ്.
ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന് ശേഷം മഹിമ നമ്പ്യാരും ഷെയ്ന്‍ നിഗവും അഭിനയിച്ച ചിത്രമായിരുന്നു ലിറ്റില്‍ ഹാര്‍ട്‌സ്. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മഹിമ. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയിലെ ശോശ തനിക്ക് വളരെ സ്‌പെഷ്യല്‍ ആയ കഥാപാത്രമാണെന്നും ഷെയ്ന്‍ നിഗവുമായി കൂടുതല്‍ അടുക്കുന്നത് ലിറ്റില്‍ ഹാര്‍ട്‌സിന്റെ സെറ്റില്‍ വെച്ചാണെന്നും മഹിമ പറയുന്നു.
എന്റെ കൂടെ അഭിനയിച്ചതില്‍ ഒരു ജെന്റില്‍മാന്‍ എന്ന രീതിയില്‍ കാണുന്നത് രണ്‍ജി പണിക്കരെയാണ് – മഹിമ നമ്പ്യാര്‍.
ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് തന്റെ അച്ഛന്റെ വേഷം ചെയ്തതെന്നും വേഗം തന്നെ തങ്ങള്‍ ക്ലോസായെന്നും മഹിമ പറഞ്ഞു. തന്റെ കൂടെ അഭിനയിച്ചതില്‍ ഒരു ജെന്റില്‍മാന്‍ എന്ന രീതിയില്‍ താന്‍ കാണുന്നത് രണ്‍ജി പണിക്കരെ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാര്‍.
‘ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയിലെ ശോശ എനിക്ക് വളരെ സ്‌പെഷ്യല്‍ ആയ കഥാപാത്രമാണ്. ആര്‍.ഡി.എക്‌സ് എന്ന സിനിമക്ക് ശേഷം ഞാനും ഷെയ്നും ഒന്നിച്ച് ചെയ്യുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‌സ്. ഇറങ്ങിയിട്ട് അധികം നാളുകളൊന്നും ആയിട്ടില്ല.
ആര്‍.ഡി.എക്‌സ് ചെയ്യുന്ന സമയത്തായാലും ഞാനും ഷെയ്നും തമ്മില്‍ വലിയ കോണ്‍ടാക്റ്റോ ഫ്രണ്ട്ഷിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അത്രക്ക് ജെല്‍ ആയിട്ടില്ലായിരുന്നു. പക്ഷെ രണ്ടാമത്തെ സിനിമ ആയപ്പോഴേക്കും ഞങ്ങള്‍ അത്യാവശ്യം കൂട്ടായി. പിന്നെ സാന്ദ്ര ചേച്ചിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
രണ്‍ജി പണിക്കര്‍ സാറാണ് എന്റെ അച്ഛന്റെ വേഷം ചെയ്തിരിക്കുന്നത്. ആ സിനിമയുടെ ഷൂട്ട് സത്യത്തില്‍ നല്ല രസമായിരുന്നു. ഞാനും രണ്‍ജി സാറും പെട്ടന്ന് നല്ല കൂട്ടായി, ഞങ്ങളുടെ ഇടയില്‍ നല്ല അടുപ്പം വന്നു. ഞാന്‍ ഇപ്പോഴും എന്റെ കൂടെ അഭിനയിച്ചതില്‍ ഒരു ജെന്റില്‍മാന്‍ എന്ന രീതിയില്‍ കാണുന്നത് അദ്ദേഹത്തെയാണ്. അങ്ങനെയുള്ള ഒരുപാട് നല്ല ഓര്‍മകള്‍ ആ സിനിമയില്‍ ഉണ്ട്,’ മഹിമ നമ്പ്യാര്‍ പറയുന്നു.
Content highlight: Mahima Nambiar talks about Ranji Panicker