കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് മഹിമ നമ്പ്യാര്‍. പിന്നീട് മഹിമ തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മടങ്ങി വന്ന നടി വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആര്‍.ഡി.എക്സിലാണ്.
ഗോപിക പാലാട്ട് ചിറക്കരവീട്ടില്‍ എന്നായിരുന്നു മഹിമയുടെ പേര്. ഗോപികയില്‍ നിന്ന് മഹിമ നമ്പ്യാര്‍ ആയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. തമിഴ് സിനിമയിലേക്ക് പോയപ്പോള്‍ ആദ്യ ചിത്രത്തിന്റെ സംവിധായകനാണ് മഹിമ എന്ന പേരിടുന്നതെന്ന് മഹിമ പറയുന്നു. മഹിമ എന്ന പേരില്‍ അവിടെ ഒരു നടി ഉള്ളതുകൊണ്ട് നമ്പ്യാര്‍ എന്ന സര്‍നെയിം വെക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആദ്യം മഹിമ നമ്പ്യാര്‍ എന്ന പേര് ഉള്‍കൊള്ളാന്‍ പ്രയാസം ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഗോപിക എന്ന പേര് മറന്നെന്നും മഹിമ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാര്‍.
ഇപ്പോള്‍ ഞാന്‍ ഗോപിക എന്ന പേര് തന്നെ മറന്നു – മഹിമ നമ്പ്യാര്‍
‘ഗോപിക എന്ന എന്റെ പേര് ഞാന്‍ തമിഴില്‍ സിനിമ ചെയ്യുന്ന സമയത്ത് മാറ്റിയതായിരുന്നു. ഓള്‍റെഡി അവിടെ നല്ല രീതിയില്‍ അറിയപ്പെടുന്ന ഗോപിക എന്ന നടിയുണ്ടായിരുന്നു. ആ സമയത്ത് ഗോപിക എന്ന പേരില്‍ മറ്റൊരു നടി വേണ്ട എന്ന് പറഞ്ഞിട്ട് എന്റെ തമിഴ് സിനിമയുടെ സംവിധായകനാണ് മഹിമ എന്ന പേര് പറയുന്നത്.
ആദ്യമേ ഒരു മഹിമ ഉള്ളതുകൊണ്ട് അത് കണ്‍ഫ്യൂഷന്‍ ആകേണ്ടെന്ന് പറഞ്ഞിട്ടാണ് ഒരു സര്‍നെയിം കൂടെ വെക്കുന്നത് (നമ്പ്യാര്‍). മഹിമ എന്ന പേരാക്കിയത് ഞാന്‍ പോലും അറിഞ്ഞിട്ടില്ലായിരുന്നു. ഞാന്‍ ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പോയി, എന്നാല്‍ അതിന്റെ റിപ്പോര്‍ട്ടോ കാര്യങ്ങളോ ഒന്നും വന്നില്ല.
ഞാന്‍ സെലക്ട് ആയോ ഇല്ലയോ എന്നെന്നും അറിയില്ലായിരുന്നു. പിന്നെ ഞാന്‍ ഓണ്‍ലൈനില്‍ നോക്കുമ്പോള്‍ മഹിമയാണ് നായിക എന്നൊരു ന്യൂസ് കണ്ടു. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പോയപ്പോഴാണ് എന്റെ ഫോട്ടോ കാണുന്നത്. പിന്നെ ഞാന്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അവര്‍ പറയുന്നത് ആ മഹിമ ഞാന്‍ തന്നെയാണ് എന്ന്.
ആദ്യം എനിക്ക് ആ പേര് ഉള്‍കൊള്ളാന്‍ ഭയങ്കര പ്രയാസമായിരുന്നു. പേര് മാറ്റണം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ഒരുപാട് പേരുകളുണ്ടായിരുന്നു. ആവണി എന്നിടാം, എന്റെ അമ്മയുടെ പേര് വിദ്യ എന്നാണ്. മുത്തശ്ശിയുടെ പേര് ഭാരതിയെന്നും. വിദ്യാഭാരതി എന്നിടാം എന്നെല്ലാം കരുതി ഇരിക്കുകയായിരുന്നു ഞാന്‍.
പക്ഷെ ഓണ്‍ലൈന്‍ വന്നപ്പോള്‍ എന്റെ പേര് മഹിമ. ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും മെല്ലെ മെല്ലെ ഞാന്‍ ആ പേരുമായി സിങ്കായി. ഇപ്പോള്‍ ഞാന്‍ ഗോപിക എന്ന പേര് തന്നെ മറന്നു,’ മഹിമ നമ്പ്യാര്‍ പറയുന്നു.
Content highlight: Mahima Nambiar talks about her name changing