| Sunday, 21st April 2024, 2:21 pm

നമ്പ്യാര്‍ എന്ന വാലുണ്ടെങ്കില്‍ കരിയറില്‍ ഗ്രോത്ത് ഉണ്ടാകും, അല്ലാതെ ജാതിയുമായി ബന്ധമൊന്നുമില്ല: മഹിമാ നമ്പ്യാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് മഹിമാ നമ്പ്യാര്‍. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം റിലീസായ ആര്‍.ഡി.എക്‌സ് എന്ന സിനിമയിലെ വേഷം മലയാളികള്‍ക്കിടയിലും ശ്രദ്ധേയമായി. മഹിമയുടെ പുതിയ ചിത്രമായ ജയ് ഗണേശിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഗോപിക എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും ആദ്യത്തെ തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ അതിന്റെ സംവിധായകനാണ് മഹിമ എന്ന പേര് നല്‍കിയതെന്നും പിന്നീട് കരിയറില്‍ ഗ്രോത്ത് ഉണ്ടാകാന്‍ വേണ്ടിയാണ് നമ്പ്യാര്‍ എന്ന വാല്‍ പേരിന്റെ കൂടെ ചേര്‍ത്തതെന്നും മഹിമ പറഞ്ഞു. ജാതിയും മതവുമായി യാതൊരു ബന്ധവും ഇതിനെല്ലെന്നും മഹിമ കൂട്ടിച്ചേര്‍ത്തു. നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നുണ്ട്.

‘എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ആദ്യ സിനിമയായ കാര്യസ്ഥനില്‍ അഭിനയിച്ചപ്പോള്‍ ഗോപിക എന്ന പേരില്‍ തന്നെയാണ് അഭിനയിച്ചത്. പിന്നീട് തമിഴിലേക്ക് എത്തിയപ്പോളാണ് പേര് മാറ്റേണ്ടി വന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത സാട്ടൈ ആയിരുന്നു ആദ്യ സിനിമ. അതിന്റെ ഓഡിഷന് പങ്കെടുത്ത ശേഷം എന്നെ അവര്‍ സെലക്ട് ചെയ്തു. ഞാനിത് അറിയുന്നത് ഗൂഗിളിലൂടെയാണ്.

നെറ്റില്‍ സിനിമയുടെ കാസ്റ്റ് ലിസ്റ്റില്‍ കൊടുത്തത് മഹിമ എന്നാണ്. എന്റെ ഫോട്ടോയും ആ പേരിന്റെ കൂടെ കണ്ടു. അപ്പോഴാണ് എന്നെ സെലക്ട് ചെയ്‌തെന്നും എനിക്ക് പുതിയ പേര് ഇട്ടെന്നും ഞാന്‍ അറിഞ്ഞത്. അതു കഴിഞ്ഞ് ന്യൂമറോളജി നോക്കിയപ്പോള്‍ പേരിന്റെ കൂടെ വാലുണ്ടങ്കില്‍ കരിയറില്‍ ഗ്രോത്ത് ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് മഹിമാ നമ്പ്യാര്‍ എന്നാക്കിയത്. അല്ലാതെ ജാതിയും മതവുമായി ഇതിന് ബന്ധമില്ല,’ മഹിമ പറഞ്ഞു.

ഇതിനെതിരെ പലരും രംഗത്തു വന്നിരിക്കുകയാണ്. കരിയറില്‍ ഗ്രോത്ത് ഉണ്ടാകാന്‍ വേണ്ടി നമ്പ്യാര്‍ എന്ന വാല് വെക്കുന്നതിനെയാണ് ജാതിബോധം എന്ന് പറയുന്നതെന്നും, ഇത്ര പച്ചക്ക് പറയാന്‍ പറ്റുന്നതിന് ചില്ലറ തൊലിക്കട്ടിയൊന്നും പോരായെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു.

Content Highlight: Mahima Nambiar saying that her name is not connected to any caste

We use cookies to give you the best possible experience. Learn more