മലയാള സിനിമയിലേക്ക് കാര്യസ്ഥൻ എന്ന സിനിമയിലൂടെ കടന്നു വന്ന നടിയാണ് മഹിമ നമ്പ്യാർ. എന്നാൽ ‘സാട്ടൈ’ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ മഹിമ തമിഴ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നു. ആദ്യമായി മലയാളത്തിൽ മുഴുനീള കഥാപാത്രം ചെയ്തത് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സിലാണ്. മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.
മലയാളിയായ താൻ തമിഴ് ഇൻഡസ്ട്രിയിൽ സജീവമായതിനെക്കുറിച്ച് പറയുകയാണ് മഹിമ നമ്പ്യാർ. താൻ വേണമെന്നുവെച്ച് തമിഴിൽ അഭിനയിച്ചതെല്ലെന്നും എന്നാൽ നല്ല അവസരങ്ങൾ വന്നതുകൊണ്ടാണ് പോയതെന്നും മഹിമ നമ്പ്യാർ പറയുന്നുണ്ട്. കാര്യസ്ഥൻ സിനിമയ്ക്ക് ശേഷം ‘സാട്ടൈ’ എന്ന തമിഴ് സിനിമ ചെയ്‌തെന്നും അത് അവിടെ നല്ല ഹിറ്റായിരുന്നെന്നും മഹിമ പറഞ്ഞു.
അതുകൊണ്ടുതന്നെ തനിക്ക് നല്ല അവസരങ്ങൾ തമിഴിൽ നിന്ന് വന്നതുകൊണ്ട് ചെയ്തെന്നേയുള്ളൂവെന്നും മലയാളത്തിൽ നിന്നും ഫുൾ സ്ട്രച്ച് ഉള്ള ഒരു ക്യാരക്ടർ എന്താണ് വരാത്തതെന്ന് ചിന്തിച്ചിരുന്നെന്നും മഹിമ നമ്പ്യാർ പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമാകയായിരുന്നു താരം.
‘ഞാൻ വേണം എന്ന് വെച്ച് ചെയ്ത ഒരു കാര്യമല്ല. ഞാൻ കാര്യസ്ഥൻ ചെയ്ത് കഴിഞ്ഞതിന് ശേഷം തന്നെ തമിഴിൽ സാട്ടൈ എന്ന സിനിമ ചെയ്തു. അവിടെ അതൊരു ഹിറ്റായ സിനിമയായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് നല്ല അവസരങ്ങൾ തമിഴിൽ നിന്ന് വന്നതുകൊണ്ട് ഞാൻ തമിഴ് ചെയ്തു എന്നേയുള്ളൂ.
ആ സമയത്ത് ചെറിയൊരു ഗ്യാപ്പിലാണ് മാസ്റ്റർപീസും മധുര രാജയും വാലാട്ടിയും ചെയ്തത്. ഞാൻ മലയാളത്തിൽ ചെയ്ത സിനിമകൾ അതായിരുന്നു. ഓരോ സിനിമ ചെയ്യുമ്പോഴും എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു, ഫുൾ സ്ട്രച്ച് ഉള്ള ഒരു ക്യാരക്ടർ എന്താണ് നമുക്ക് വരാത്തത് എന്നത്.
എത്ര തന്നെ തമിഴ് സിനിമ ചെയ്തു എന്ന് പറഞ്ഞാലും സ്വന്തം ഭാഷയിൽ ചെയ്യുന്ന സന്തോഷം അത് വേറെ തന്നെയല്ലേ. അപ്പോൾ ഞാൻ വിചാരിക്കുമായിരുന്നു ആരും എന്താ എന്നെ വിളിക്കാത്തത് എന്ന്,’ മഹിമ നമ്പ്യാർ പറഞ്ഞു.
മലയാളത്തിൽ നല്ലൊരു പ്രോജക്ട് വരുന്നില്ലല്ലോയെന്നും അങ്ങനെയൊരു അംഗീകാരം മലയാളത്തിൽ കിട്ടുന്നില്ലല്ലോയെന്നുമൊരു വിഷമം തനിക്കുണ്ടായിരുന്നെന്നും ആർ.ഡി.എക്‌സിന് ശേഷം അത് മാറിക്കിട്ടിയെന്നും മഹിമ അഭിമുഖത്തിൽ പറയുന്നുണ്ട്.
Content Highlight: Mahima Nambiar on being active in the Tamil industry as a loyalist