തന്റെ സ്കൂൾ പഠനകാലത്ത് സിനിമയിലേക്കെത്തിയ നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്നത്. എന്നാൽ താരം തമിഴ് ചിത്രങ്ങളിലായിരുന്നു പിന്നീട് സജീവമായത്. ‘സാട്ടൈ’ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ മഹിമ തമിഴ് ഇൻഡസ്ട്രിയിൽ എത്തുന്നത്. ആദ്യമായി മലയാളത്തിൽ മുഴുനീള കഥാപാത്രം ചെയ്തത് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സിലാണ്. മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.
താൻ സിനിമയിൽ എത്തിയില്ലെങ്കിൽ ബയോമെഡിക്കൽ എൻജിനീയർ ആകുമായിരുന്നെന്ന് മഹിമ പറഞ്ഞു. താൻ പഠിക്കുന്ന കാലത്ത് തന്നെ ബയോളജി ഇഷ്ടമായിരുന്നെന്നും അതിൽ ഫുൾ മാർക്ക് ഉണ്ടായിരുന്നെന്നും മഹിമ കൂട്ടിച്ചേർത്തു. രണ്ട് പടം ചെയ്തതിന് ശേഷം പഠിത്തത്തിലേക്ക് വരാമെന്ന് കരുതിയിരുന്നെന്നും മഹിമ പറഞ്ഞു. എന്നാൽ ആ പോയ പോക്കിൽ പിന്നെ തിരിച്ചു വന്നിട്ടില്ലെന്നും മഹിമ പറഞ്ഞു, മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമാകയായിരുന്നു താരം.
‘ഞാൻ സിനിമയിൽ വന്നിട്ടില്ലെങ്കിൽ ഒരുപക്ഷേ ബയോമെഡിക്കൽ എൻജിനീയർ ആകുമായിരുന്നു. ഞാൻ പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന സമയത്ത് ബയോളജി ആയിരുന്നു എന്റെ സബ്ജക്ട്. എനിക്ക് ബയോളജിക്ക് ഫുൾ മാർക്ക് ആയിരുന്നു പ്ലസ് വണ്ണിലും പ്ലസ് ടുവിലും. അപ്പോൾ ഞാൻ സിനിമയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയം തന്നെയായിരുന്നു.
ഞാൻ പ്ലസ് ടു പഠിക്കുമ്പോഴാണ് എന്റെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്നത്. ഞാൻ സ്കൂളിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിലും ആക്ടീവ് ആയിരുന്നു. എനിക്കപ്പോൾ ബയോമെഡിക്കൽ എൻജിനീയറിങ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എൻട്രൻസ് എക്സാമിന് പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു യു ടേൺ വരുന്നത്. ഒരു രണ്ടു സിനിമയും കൂടി ചെയ്തിട്ട് ഇതിലോട്ട് വരാമെന്ന് വിചാരിച്ചാണ് ഒരു ടേൺ എടുത്തത്. പിന്നെ നേരെ ആ വഴിക്ക് പോയി. പിന്നെ തിരിച്ചു വന്നില്ല,’ മഹിമ നമ്പ്യാർ പറഞ്ഞു.
Content Highlight: Mahima nambiar about her studies