| Monday, 28th February 2022, 5:18 pm

ലൈസന്‍സ് നീട്ടിക്കിട്ടാനുള്ള ലിസ്റ്റില്‍ മൂന്ന് മലയാളം ചാനല്‍ കൂടിയുണ്ട്; ഭീഷണിയുമായി മഹിളാ മോര്‍ച്ച നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാള മാധ്യമങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി മഹിളാ മോര്‍ച്ച നേതാവ് ശ്രീജ നായര്‍. കാലാവധി കഴിഞ്ഞ് ലൈസന്‍സ് നീട്ടികിട്ടാനുള്ള ലിസ്റ്റില്‍ മൂന്ന് ചാനല്‍ കൂടിയുണ്ട് എന്നാണ് ഭാരതീയ
മഹിളാ മോര്‍ച്ചാ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ മെന്‍ഷന്‍ ചെയ്ത ശ്രീജ നായര്‍ ട്വീറ്റ് ചെയ്തത്.

മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് നടപടിക്ക് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ പരസ്യ ഭീഷണി എന്നത് ശ്രദ്ധേയമാണ്.

‘കാലാവധി കഴിഞ്ഞ് ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു,’ എന്നാണ് ശ്രീജ നായരുടെ ട്വീറ്റിന്റെ പൂര്‍ണ രൂപം.

ഇതിനെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി ബി.ജെ.പിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നാണ് വിമര്‍ശനങ്ങള്‍.

‘മൂന്ന് മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മഹിളാ മോര്‍ച്ച നേതാവ് പരസ്യമായി പ്രഖ്യാപിക്കുന്നു. തിരക്കഥ തയ്യാറായിക്കഴിഞ്ഞു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം.

ഇത്തരം കാര്യങ്ങളൊക്കെ പാര്‍ട്ടിയിലുള്ളവര്‍ക്ക് അറിയാം. ഫോര്‍ത്ത് എസ്റ്റേറ്റിനെ ലക്ഷ്യമാക്കി നീങ്ങുകയാണവര്‍. പ്രസ് ഫ്രീഡം 142-ാം റാങ്കില്‍ നിന്ന് ക്രമാനുഗതമായി താഴേക്ക്,’ എന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണ്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്.

CONTENT HIGHLIGHTS: Mahila Morcha leader threatened there are also three Malayalam channels on the list for extending the license

Latest Stories

We use cookies to give you the best possible experience. Learn more