'കുടുംബസമാധാനം തകര്‍ക്കുന്ന മദ്യനയത്തിനെതിരെ കുടുംബിനികള്‍'; ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്
Kerala News
'കുടുംബസമാധാനം തകര്‍ക്കുന്ന മദ്യനയത്തിനെതിരെ കുടുംബിനികള്‍'; ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2022, 10:29 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ശനിയാഴ്ച രാവിലെ 10ന് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജെബി മേത്തര്‍ ഇക്കാര്യം അറിയിച്ചത്.

‘കുടുംബസമാധാനം തകര്‍ക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കുടുംബിനികള്‍.
കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്,
2 ഏപ്രില്‍ 2022 രാവിലെ 10:00ന്,’ ജെബി മേത്തര്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞു വയ്ക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ്.

തുടര്‍ഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണ് ഡിസ്റ്റിലറികളും ബ്രൂവറികളും വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശിച്ചയാളാണ് പിണറായി വിജയനെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.