Kerala News
അതിജീവിതയെ അപമാനിച്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ ജെബി മേത്തര്‍ വനിതാ കമ്മീഷന് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 25, 09:43 am
Wednesday, 25th May 2022, 3:13 pm

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എം.പിയുമായ ജെബി മേത്തര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എം.എം. മണി എം.എല്‍.എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ ഉന്നയിച്ചു.

സംഭവത്തില്‍ ഒന്നാം പ്രതി മുന്‍ മന്ത്രി എം.എം. മണിയാണെന്നും ‘വിശദമായി പിരശോധിച്ചാല്‍ കുറച്ച്, നമുക്കെല്ലാം പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്’ ഏഷ്യനെറ്റ് ന്യൂസിലൂടെ അദ്ദേഹം പ്രതികരിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അതിജീവിതയ്ക്ക് കൂടുതല്‍ മാനനഷ്ടമുണ്ടാകുമെന്നും എം.പി. പറഞ്ഞു.

ക്യാബിനറ്റ് മന്ത്രിയും ഭരണഘടന സ്ഥാനം വഹിക്കുന്ന ആളുമായ ആന്റണി രാജു ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അവരെ അവഹേളിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിയെന്നും അന്വേഷണത്തില്‍ തൃപ്തയല്ലെന്ന് പറഞ്ഞ അതിജീവിതയെ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, ജെബി മേത്തര്‍ വൈസ് പ്രസിഡന്റായിരിക്കെ ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിഥിയായി കേസിലെ പ്രതി ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തില്‍ പേര് വന്ന ശേഷം നടന്‍ ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതുപരിപാടിയായിരുന്നു നഗരസഭയുടെ ലോഗോ പ്രകാശനം.