ന്യൂദൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി മഹിളാ കോൺഗ്രസ്. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്ക ലാംബയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജന്തർ മന്തറിലായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും ലോക്‌സഭയിൽ പാസാക്കാൻ കഴിഞ്ഞില്ലെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ലാംബ പറഞ്ഞു. വനിതാ സംവരണ നിയമം മോദി സർക്കാർ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയും എന്നാൽ അത് നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്ന് ലാംബ ആരോപിച്ചു.
‘ഈ നിയമം യു.പി.എ ഭരണകാലത്താണ് പാസാക്കിയത്, എന്നാൽ ബി.ജെ.പി സർക്കാർ കഴിഞ്ഞ പത്ത് വർഷമായി ഇത് സൗകര്യപൂർവ്വം തടഞ്ഞുവയ്ക്കുകയും ഈ നിയമം അവരുടെ വാഗ്ദാനത്തിൽ ഉൾപ്പെടുത്തുകയും അതിൽ നിന്ന് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുകയും ചെയ്തു,’ അവർ പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമാകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. ‘കഷ്ടപ്പെടുന്നവർക്കും നിസഹായർക്കും വേണ്ടി ഞങ്ങൾ നിലകൊള്ളുന്നു. നഷ്ടപ്പെട്ട അവരുടെ ആത്മവിശ്വാസവും അന്തസും വീണ്ടെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം,’ ലാംബ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ഒരു യോഗം ചേരണമെന്ന് അഭ്യർത്ഥിച്ച് ഒരു വർഷം മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമുവിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ലാംബ പറഞ്ഞു. തങ്ങളെ കാണാനും സ്ത്രീകളുടെ പരാതികൾ കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കാനും പ്രസിഡന്റ് മുർമുവിനോട് താൻ അഭ്യർത്ഥിക്കുന്നുവെന്ന് അവർ പറഞ്ഞു.
വനിതാ സംവരണ വിഷയം കോൺഗ്രസ് പാർലമെന്റിൽ ഉന്നയിക്കുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ‘വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എം.പി പ്രിയങ്ക ഗാന്ധിയും ആശങ്കകൾ ഉന്നയിക്കും. രാജ്യസഭയിൽ, ഞങ്ങളുടെ മുതിർന്ന നേതാവ് സോണിയ ഗാന്ധി അതിനായി വാദിക്കും,’ അവർ പറഞ്ഞു.
Content Highlight: Mahila Congress stages protest at Jantar Mantar, demands implementation of 33 pc women’s quota