| Thursday, 8th October 2020, 2:54 pm

ശ്രീജിത്ത് പണിക്കരെ പോലെ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി സ്ത്രീവിരോധികളോടുള്ള പ്രതിഷേധം; ചിന്താ ജെറോമിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഘപരിവാര്‍ അനുകൂലിയും അഭിഭാഷകനുമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് കൗണ്‍സിലറുമായ പി. ഉഷാ ദേവി. ശ്രീജിത് പണിക്കര്‍ക്ക് ആരാധക ബാഹുല്യം കൂടുതലുള്ളതുകൊണ്ട് പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുന്ന സ്ത്രീവിരുദ്ധ തമാശകള്‍ ആഘോഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉഷാ ദേവി പറഞ്ഞു.

സ്ത്രീപക്ഷ ചിന്തകളുടെ താത്വിക വ്യാപ്തിയും സാധ്യതയും അറിയില്ലെങ്കിലും സ്ത്രീസമൂഹത്തിന്റെ യാഥാര്‍ത്ഥ്യവും ദുരവസ്ഥയും ഒരു സാമൂഹിക നിരീക്ഷകന് അറിഞ്ഞിരിക്കണ്ടേ എന്നും ശ്രീജിത്ത് പണിക്കരോട് ഉഷാ ദേവി ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പരാമര്‍ശം.

അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലെ എന്നായിരുന്നു ചിന്താ ജെറോം ഒരു പരിപാടിക്കിടയില്‍ ചോദിച്ചത്. എന്നാല്‍ ഇതിനെ പരിഹസിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ ചിന്തയെ പിന്തുണച്ച് കൊണ്ട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി രംഗത്തെത്തിയത്.

ചിന്താ ജെറോമിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയല്ലിതെന്നും സ്ത്രീപക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം മാത്രമാണിതെന്നും ഉഷാദേവി പറഞ്ഞു. ഒപ്പം ശ്രീജിത്ത് പണിക്കരെ പോലെ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി സ്ത്രീവിരോധികളോടുള്ള പ്രതിഷേധമാണെന്നും അവര്‍ പറഞ്ഞു.

അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന സോപ്പിനും എരിഞ്ഞെരിഞ്ഞ് ഇല്ലാതാകുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലേയെന്ന് ചിന്താ ജെറോം.
സത്യമാണ്. ഞാനിതാ ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു എന്നു തുടങ്ങുന്നതായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്. ഗംഗാധരന്‍ ശുദ്ധ അഗര്‍ബത്തികള്‍.
പുഷ്‌ക്കരന്‍ സോപ്പിന്‍ നറുമണം, പ്രകൃതിയേകിടും ഗുണം.
വന്നല്ലോ വന്നല്ലോ വര്‍ഗീസു വന്നല്ലോ വസ്ത്രവര്‍ണ്ണങ്ങള്‍ക്കു ശോഭ കൂട്ടാന്‍.
മധുരസ്വപ്നങ്ങളേകും ദാമോദരന്‍. എല്ലാര്‍ക്കും ചേരും ദാമോദരന്‍.
വാഷിങ് പൗഡര്‍ മൊയ്തീന്‍, വാഷിങ് പൗഡര്‍ മൊയ്തീന്‍,’ എന്നായിരുന്നു ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ആളുകള്‍ക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നും പോലെ ഉപയോഗിക്കാനും പറ്റുന്ന തോന്നലിന്റെ പൊതുബോധത്തിലാണ് ഇത്തരം തമാശകള്‍ ഉണ്ടാകുന്നത്. പെണ്ണ് ദുര്‍ബലവും പുരുഷന് കീഴ്‌പ്പെടേണ്ടവളാണെന്നുമുള്ള ആണ്‍ബോധത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ഇത്തരം പരിഹാസങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഉഷാ ദേവി പറഞ്ഞു.

‘നിങ്ങള്‍ക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നുംപോലെ ഉപയോഗിക്കാനും പറ്റുന്ന ഒരു സാധനമാണ് സ്ത്രീയെന്ന പൊതുബോധത്തില്‍ നിന്നാണ് ഇത്തരം തമാശകള്‍ ഉണ്ടാകുന്നത്, ചിന്താ ജെറോമിന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി ട്രോളുന്നവര്‍ അറിയാനായി പറയുകയാണ് പെണ്ണ് ദുര്‍ബലയും പുരുഷന് കീഴ്‌പ്പെടേണ്ടവളാണെന്നുമുള്ള ആണ്‍ബോധത്തിന് പുതിയ കാലത്തും മാറ്റം വന്നിട്ടില്ലെന്നതാണ് നിങ്ങളുടെ പരിഹാസത്തില്‍ നിറയുന്നത്. ശക്തിയും തന്റേടവും ആണത്തമായും നാണവും വിനയവും അനുസരണയും പെണ്‍മയായും കരുതുന്ന പുരുഷ കേരികള്‍ക്ക് ചിന്താജെറോം പറഞ്ഞത് തമാശയായി തോന്നും, പക്ഷെ എനിക്കത് നേരായേ തോന്നിയിട്ടുള്ളു,’ ഉഷാ ദേവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahila Congress leader supports Chintha Jerome over Sreejith Panicker’s anti woman statement

We use cookies to give you the best possible experience. Learn more