| Monday, 21st October 2019, 11:00 pm

ഫലം വരുന്നതിനു മുന്‍പേ കോന്നിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബി.ജെ.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി: വോട്ടെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ വെളിച്ചത്തുവരുന്നു. വോട്ടെടുപ്പിനു തലേദിവസമായ ഞായറാഴ്ച കോന്നിയിലെ മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബി.ജെ.പിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്ത ഇന്നാണു പുറത്തുവന്നത്.

കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ബി.ജെ.പിയിലെത്തിയ ഉഷ വിജയന്‍ പ്രതികരിച്ചു. ഉഷയോടൊപ്പം കുടുംബാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

10 വര്‍ഷത്തോളം ഉഷ പത്തനംതിട്ട വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കോന്നി താലൂക്കാശുപത്രി വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ച ചുമതലകളെല്ലാം ഒരു പരിധി വരെ സത്യസന്ധമായിത്തന്നെ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പടലപ്പിണക്കം കാരണം പ്രവര്‍ത്തനം സത്യസന്ധമായി മുന്നോട്ടു കൊണ്ടുപോകാന്‍ തനിക്കാവില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയെ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കോന്നിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന സിറ്റിങ് എം.എല്‍.എ അടൂര്‍ പ്രകാശിന്റെ ആവശ്യം അംഗീകരിക്കാന്‍ പത്തനംതിട്ട ഡി.സി.സി തയ്യാറാകാത്തതാണു തുടക്കം. തുടര്‍ന്ന് മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more