കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിത മാഗസിന്റെ കവറില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ചിത്രം വന്നത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തില്‍ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വിമര്‍ശനം.
ഈ സാഹചര്യത്തിലാണ് പുതിയ ലക്കം വനിത വായിക്കുന്ന ഫോട്ടോ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തും, വഴികാട്ടിയും എന്ന ക്യാപ്ഷനോടൊപ്പം ചിരിക്കുന്നതും പുച്ഛത്തിന്റേതുമായ ഇമോജിക്കൊപ്പമാണ് ബിന്ദു കൃഷ്ണ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ വിഷയത്തില്‍ വനിതക്കും ദിലീപിനുമുള്ള പിന്തുണയാണോ, അതോ പരിഹാസമാണോ എന്ന സംശയമുന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിന്ദുവിന്റെ നിലപാട് വ്യക്തമല്ലാത്തതിനാല്‍ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
‘യുവാക്കളില്‍ കഞ്ചാവിന്റെ ഉപയോഗത്തിനെതിരെ കഞ്ചാവ് കൂട്ടിയിട്ട് വലിച്ചു പ്രതിഷേധിക്കുന്നു, വനിതാ മാസികയുടെ അംബാസിഡര്‍ ആണോ, ഏട്ടനെ എയറില്‍ കേറ്റല്‍ ആണോ ഉദേശിച്ചത്,’ എന്നിവയാണ് കമന്റുകളില്‍ ചിലത്.
അതേസമയം, ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിഥിയായി നടന്‍ ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭകളില്‍ ഒന്നാണ് ആലുവ നഗരസഭ. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തറാണ് നിലവില്‍ ആലുവ നഗരസഭയുടെ വൈസ് പ്രസിഡന്റ്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യമുയര്‍ന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിട്ടുണ്ട്. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Mahila Congress leader Bindu Krishna shared a photo of reading the latest Vanitha Magazine on Facebook