തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് ഇരുപതു ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനു നല്‍കിയ കത്തില്‍ മഹിളാ കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസിലോ പാര്‍ട്ടിയുടെ പോഷക സംഘടനകളിലോ സജീവമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്തവര്‍ ഉണ്ടെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അധ്യക്ഷ ലതികാ സുഭാഷ് നല്‍കിയ കത്തില്‍ പറയുന്നു.
നിയമസഭയിലേക്കു മത്സരിക്കുന്നതിന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും മികച്ച പ്രതിഛായ, വിജയസാധ്യത, പൊതുസ്വീകാര്യത എന്നിവ കര്‍ശനമായി പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയേക്കാള്‍ ഗ്രൂപ്പാണ് പരിഗണിച്ചതെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ചൊവ്വാഴ്ച താരിഖ് അന്‍വറിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പോഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചര്‍ച്ച നടന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി പ്രതിനിധിയായ ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഇന്‍കാസ്, ഡിസേബിള്‍ഡ് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നാളെ മുതലാണ് എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള യോഗങ്ങള്‍ ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക