| Tuesday, 21st March 2017, 5:34 pm

നെഹ്‌റു ഗ്രൂപ്പുമായി ബന്ധം; ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്‌റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിന് മഹിജ പരാതി നല്‍കിയത്.


Also read മഠം നടത്തുന്നപോലെയല്ല യു.പി ഭരണം; യോഗിയ്ക്ക് മതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബി.ജെ.പിക്കെതിരെ ശിവസേന


ഗ്രൂപ്പുമായി ജഡ്ജിയ്ക്ക് ബന്ധം ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് മഹിജ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ജഡ്ജിയ്ക്കും ഗ്രൂപ്പിനും ബന്ധമുണ്ടെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ലക്കിടി ജവഹര്‍ ലോ കോളേജില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടന്ന പഠനയാത്രയില്‍ എബ്രഹാം മാത്യു മുഖ്യാതിഥിയായിരുന്നു. കൃഷ്ണദാസിനൊപ്പം പ്രതിയാക്കപ്പെട്ട ലീഗല്‍ അഡൈ്വസര്‍ സുചിത്രയ്ക്കും പ്രിന്‍സിപ്പലിനും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഇദ്ദേഹം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്.

കോളേജ് പ്രിന്‍സിപ്പല്‍ തന്റെ അടുത്ത സുഹൃത്താണെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പഠനയാത്രയ്ക്കിടെ പറഞ്ഞതായും ആരോപണമുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എനിക്ക് ഇത് കണ്ടപ്പോള്‍ നീതി ലഭിക്കില്ല എന്ന ബോധം ഉണ്ടായി. അതുകൊണ്ട് കൃഷ്ണദാസുമായി ജഡ്ജിക്കുള്ള ബന്ധം സുതാര്യമാണെന്ന് ബോധ്യപ്പെടുത്തിതരണം എന്നാണ് മഹിജയുടെ പരാതിയില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more