Kerala
സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പുതുച്ചേരി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 14, 01:30 pm
Monday, 14th May 2018, 7:00 pm

കണ്ണൂര്‍: മാഹിയില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കേസില്‍ പുതിയ വഴിത്തിരിവ്. ബാബുവിന്റെ കൊലപാതകത്തിന് കാരണം പിന്നില്‍ വര്‍ഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണെന്ന് പുതുച്ചേരി പൊലീസ് പറഞ്ഞു.

അതേസമയം വടിവാള്‍ ഉപയോഗിച്ചാണ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാലംഗസംഘമാണ് ബാബുവിനെ കൊന്നത്.

കേസില്‍ ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നുമാണ് പൊലീസ് പറഞ്ഞത്.

അതേസമയം കേസില്‍ അറസ്റ്റിലായ പ്രതി നിജേഷ് കുറ്റം സമ്മതിച്ചതായും പൊലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ബാബുവിന്റെ കൊലപാതകത്തില്‍ നിജേഷ് നേരിട്ട് പങ്കെടുത്തതായും പൊലീസ് വ്യക്തമാക്കി.


ALSO READ: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു


തുടര്‍ന്ന് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ശരത്തും ജെറിനുമാണെന്ന് പുതുച്ചേരി പൊലീസ് പറഞ്ഞു.

ഇതിനു മുമ്പും ബാബുവിന് നേരേ വധശ്രമമുണ്ടായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബൈക്കിലെത്തിയ നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണ് എന്ന സൂചന മാഹി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഇല്ല. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന കേരള പൊലീസ് വാദം നിലനില്‍ക്കെയാണ് മാഹി പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.