മുംബൈ: സെലിബ്രിറ്റികളും പെണ്‍കുട്ടികളും ഒരുപോലെ അക്രമിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. ഇതിനെതിരെ അവസരോചിതമായ് പ്രതികരിക്കുന്നവര്‍ വളരെ കുറവാണ്. അതിക്രമങ്ങള്‍ക്കിരയായാല്‍ അത് തുറന്ന് പറയാനും പലരും നിമുഖത കാട്ടാറുമാണ് പതിവ്.
കൊച്ചിയില്‍ യുവ നടിക്ക് നേരെയുണ്ടായ അതിക്രമത്തിന് ശേഷമാണ് ഇതില്‍ ചെറിയ തോതിലെങ്കെിലും മാറ്റം ഉണ്ടായത്. തനിക്കെതിരെ നടന്ന അതിക്രമത്തെ താരം തുറന്ന് പറഞ്ഞപ്പോള്‍ മാതൃകാ നടപടിയായിട്ടാണ് രാജ്യം ഇതിനെ വിലയിരുത്തിയത്. താരത്തിന്റേതിനു സമാന നടപടിയുമായ് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം മഹി വിജും. മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച നടിയാണ് മഹി വിജ്.
തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്. മൂംബൈയിലെ നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയപ്പോഴായിരുന്നു മഹി വിജിന് ദുരനുഭവം നേരിടേണ്ടി വന്നത്.
ക്ലബ്ബിലെ ശുചിമുറിയില്‍ വച്ച് അപരിചിതനായ ഒരാള്‍ നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഭയം തോന്നിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നെന്ന് താരം പറയുന്നു.
തല്ല് കിട്ടിയിട്ടും അയാളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. താന്‍ ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാള്‍ രക്ഷപ്പെടുകയായിരുന്നെന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇതായിരിക്കില്ലെന്നും മഹി വിജ് പറഞ്ഞു.