| Saturday, 8th January 2022, 10:56 pm

കെ റെയിലിന് ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഹി: കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്ത്. അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആ ഉറപ്പ് പാലിക്കാന്‍ കേരള മുഖ്യമന്ത്രി തയാറാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഭൂപ്രകൃതി തന്നെ തകിടം മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ കേരളത്തില്‍ വ്യാപക ജനരോഷം ഉയര്‍ന്നുണ്ട്. ഇക്കാര്യത്തില്‍ അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന് പോരാടും. ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതിയില്‍ റെയില്‍വേ ശരിവെച്ചിരുന്നു. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ റെയില്‍വേ പിന്തുണച്ചു.

ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് റെയില്‍വേ നിലപാട് അറിയിച്ചത്.

അതേസമയം, സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

CONTENT HIGHLIGHTS:  Mahi MLA Ramesh Parambath said that not even an inch of land will be given for the K rail project

We use cookies to give you the best possible experience. Learn more