| Friday, 9th August 2024, 3:02 pm

ഇവിടുത്തെ പിച്ചുകള്‍ക്ക് പ്രത്യേകതയുണ്ട്, ഇന്ത്യയുടെ തോല്‍വിക്ക് കാരണം അതാണ്; ലങ്കന്‍ സ്റ്റാര്‍ സ്പിന്നര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്ക സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനും ഇന്ത്യ ലങ്കയോട് പരാജയപ്പെട്ടിരുന്നു. ലങ്കയുടെ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

27 വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ പരമ്പരയില്‍ വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ടീമായി മാറാനും ലങ്കയ്ക്ക് സാധിച്ചു. ഇപ്പോള്‍ ശ്രീലങ്കന്‍ സ്പിന്നര്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യ അവര്‍ക്ക് കംഫേര്‍ട്ടായ പിച്ചില്‍ പരിശീലിച്ചതുകൊണ്ടും ചെറിയ ബൗണ്ടറിയില്‍ സ്‌കോര്‍ ചെയ്ത്
ശീലിച്ചതുകൊണ്ടുമാണ് പരമ്പര നഷ്ടമായതെന്നാണ് താരം പറയുന്നത്. ശ്രീലങ്കയുടെ സ്പിന്‍ ട്രാക്കുകള്‍ ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് തീക്ഷണ ഉറച്ച് വിശ്വസിച്ചിരുന്നെന്നും പറഞ്ഞു.

‘ഇന്ത്യ സാധാരണഗതിയില്‍ ചെറിയ ബൗണ്ടറികളുള്ള നല്ല പിച്ചുകളിലാണ് കളിക്കുന്നത്. പ്രേമദാസ പിച്ച് സ്പിന്നിന്റെ ഒരു ചെറിയ സൂചനയെങ്കിലും നല്‍കിയാല്‍ ഞങ്ങളുടെ വിദഗ്ദ്ധരായ സ്പിന്നര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇവിടുത്തെ ആഭ്യന്തര പിച്ചുകള്‍ക്ക് സമാനമായ സ്വഭാവസവിശേഷതകള്‍ ഉണ്ട്, ഞങ്ങളുടെ ബാറ്റര്‍മാര്‍ അത് കൈകാര്യം ചെയ്യാന്‍ സജ്ജരായിരുന്നു, ‘തീക്ഷണ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ അവസാന മത്സരത്തില്‍ റിഷബ് പന്തിനേയും വാഷിങ്ടണ്‍ സുന്ദറിനേയും പുറത്താക്കി മികച്ച പ്രകടനമായിരുന്നു തീക്ഷണ നടത്തിയത്. എട്ട് ഓവറില്‍ 45 റണ്‍സ് വഴങ്ങി 5.63 എക്കണോമിയിലാണ് താരം വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Maheesh Theekshna Talkind About Indias Lose Against Sri Lanka

We use cookies to give you the best possible experience. Learn more