| Tuesday, 8th August 2023, 8:57 am

'ആ സിനിമയിൽ പൃഥ്വിരാജിന്റെ ലുക്ക് അങ്ങനെയായതിന് എനിക്കൊന്നും ചെയ്യാനില്ല; പുള്ളിയെ ഞാൻ പഠിപ്പിക്കണോ?'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലണ്ടർ എന്ന ചിത്രത്തിലെ പ്രിത്വിരാജിന്റെ ലുക്ക് ആളുകൾക്ക് ഇഷ്ടമാകാഞ്ഞതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് നടനും സംവിധായകനുമായ മഹേഷ്. രാവൺ എന്ന ചിത്രത്തിനുവേണ്ടി ബോഡി ബിൽഡിങ് നടത്തിയപ്പോൾ പൃഥ്വിരാജിന്റെ ലുക്ക് അപ്പോൾ മാറിയിരുന്നെന്നും തന്റെ ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ രൂപം അങ്ങനെ ആകാൻ താൻ മനപൂർവം ഒന്നും ചെയ്തിട്ടില്ലെന്നും മഹേഷ് പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കലണ്ടർ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ലുക്ക് ആളുകൾക്കിഷ്ടപ്പെടാതെ പോയത് എന്റെ പ്രശ്നം അല്ല. രാവൺ എന്ന ചിത്രത്തിന് വേണ്ടി നാലും അഞ്ചും മണിക്കൂർ ഒക്കെ ജിമ്മിൽ പോയി അദ്ദേഹം ബോഡി ബിൽഡിങ് ചെയ്തു. അപ്പോൾ വലിയ ബോഡിയാണ് പുള്ളിയുടേത്.

കലണ്ടറിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ ചെറുപ്പമാക്കാൻ ഞാൻ ടി ഷർട്ട്, മുണ്ട്, കോട്ടയം അച്ചായന്റെ ലുക്ക് തോന്നാൻ ഒരു ബ്ലാക്ക് ഷൂവും കൊടുത്തു. അതിനപ്പുറം എനിക്കൊന്നും ചെയ്യാൻ പറ്റില്ല. അങ്ങനെ എന്നെ കുറ്റം പറയാൻ പറ്റില്ല. ഞാൻ മനപൂർവം അദ്ദേഹത്തെ വൃദ്ധൻ ആക്കാൻ നോക്കുമോ?

പുള്ളി നന്നായിരിക്കുക എന്നുള്ളതിന്റെ പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തന്നെയാണ്. സ്വന്തമായിട്ട് പേഴ്സണൽ മേക്കപ്പ് മാൻ ഉണ്ട്, കോസ്റ്റ്യൂം ഡിസൈനറുമുണ്ട്, സ്വന്തം ശരീരം സൂക്ഷിക്കുന്ന ആളുമാണ്. എല്ലാകാര്യവും ശ്രദ്ധിക്കുന്ന ആൾ. അത്തരത്തിൽ ഒരാളെ ഞാൻ എന്ത് മനപൂർവം ചെയ്യാനാണ്.

അങ്ങനെ ഞാൻ വിചാരിച്ചാൽ പോലും അദ്ദേഹം കണ്ടുനിൽക്കില്ല. അദ്ദേഹത്തിന് സിനിമയെ അറിയാവുന്നപോലെ പലർക്കുമറിയില്ല. ഒരു കഥാപാത്രത്തിന് വേണ്ട ഹോം വർക്ക് നന്നായി ചെയ്യുന്ന ആളാണ് പുള്ളി. സംവിധാനം നന്നായി അറിയാം, ക്യാമറയും കൂടി ഇനി കൈകാര്യം ചെയ്താൽ മതി. അദ്ദേഹത്തെ ഞാൻ എന്ത് ചെയ്യാനാണ്,’ മഹേഷ് പറഞ്ഞു.

കലണ്ടർ സംവിധാനം ചെയ്യുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് ലൊക്കേഷനിൽ വെച്ചാണ് കിട്ടിയിരുന്നതെന്നും തനിക്ക് സ്ക്രിപ്റ്റ് കൂടുതൽ പഠിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരാൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ അയാൾക്ക് ആ സ്ക്രിപ്റ്റ് നന്നായി പഠിക്കേണ്ടി വരും, എന്നാൽ മാത്രമാണ് കൃത്യതയോടെ ആ സീൻ ചെയ്യാൻ കഴിയൂ. എന്നാൽ എനിക്ക് പലപ്പോഴും ആ സ്ക്രിപ്റ്റ് കിട്ടിയിരുന്നത് ലൊക്കേഷനിൽ വെച്ചാണ്. അവർ അവിടെ ഇരുന്നാണ് അത് എഴുതുന്നത്.

ലൊക്കേഷനിൽ സെറീനയുണ്ട്, നവ്യയുണ്ട്, രാജുവും ഉണ്ട്. അപ്പോൾ എനിക്കെല്ലാം ചിന്തിച്ച് തീരുമാനം എടുക്കാൻ സമയം എടുക്കും. അമ്പിളി ചേട്ടൻ വൈകിയാണ് എത്തിയത്, നിർമാതാവിന്റെ ഭാഗത്ത് നിന്നുള്ള പ്രഷർ ഒക്കെ ഉണ്ടായിരുന്നു. ഒരുപാട് പരിമിതികളിൽ നിന്നാണ് ഞാൻ ആ ചിത്രം ചെയ്തത്,’ മഹേഷ് പറഞ്ഞു.

Content Highlights: Mahesh on Prithviraj Sukumaran’s character in Calendar movie

We use cookies to give you the best possible experience. Learn more