ഞങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കയറിവന്നതാണ്; സത്യത്തില്‍ അതൊരു 'ഹാപ്പി ആക്‌സിഡന്റാ'യിരുന്നു: മഹേഷ് നാരായണന്‍
Entertainment news
ഞങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കയറിവന്നതാണ്; സത്യത്തില്‍ അതൊരു 'ഹാപ്പി ആക്‌സിഡന്റാ'യിരുന്നു: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 1:51 pm

ഇത്തവണത്തെ ഐ.എഫ്.എഫ്.കെയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ മത്സരിക്കുന്ന മലയാള ചിത്രമാണ് അറിയിപ്പ്. ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഈ വരുന്ന ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സിലൂടെയായിരിക്കും റിലീസ് ചെയ്യുക.

ചിത്രത്തിന്റെ ഐ.എഫ്.എഫ്.കെയിലെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രേക്ഷകരുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു.

ഇതിനിടെ ചിത്രത്തിലെ ഒരു പ്രത്യേക സീനിനെ കുറിച്ച് പ്രേക്ഷകരിലൊരാള്‍ ചോദിക്കുകയുണ്ടായി. ‘ഒരു സീനില്‍ രശ്മിയുടെ കഥാപാത്രം തിരിഞ്ഞ് നടക്കുമ്പോള്‍ ഹരീഷ് നോക്കി നില്‍ക്കുന്നുണ്ട്. ഒരു പട്ടി അതിനിടയില്‍ കയറിവന്ന് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്. അത് കാര്യമായി ചെയ്തതാണോ അതോ ‘ഒരു ഹാപ്പി ആക്‌സിഡന്റ്’ ആയിരുന്നോ,’ എന്നായിരുന്നു പ്രേക്ഷകരിലൊരാള്‍ ചോദിച്ചത്.

അപ്രതീക്ഷിതമായാണ് സീനിലേക്ക് പട്ടി കടന്നുവന്നതെന്നും അതൊരു ഹാപ്പി ആക്‌സിഡന്റ് തന്നെയായിരുന്നു എന്നുമാണ് ഇതിന് സംവിധായകന്‍ മറുപടി പറയുന്നത്.

”സത്യം പറഞ്ഞാല്‍ ഞങ്ങള്‍ വളരെ മിനിമല്‍ ക്രൂ ആയിരുന്നു. കൊവിഡിന്റെ സമയമായിരുന്നു, രണ്ടാമത്തെ ലോക്ക്ഡൗണായിരുന്നു ദല്‍ഹിയില്‍.

ബാക്കി എല്ലാ തരത്തിലുമുള്ള പ്രൊഡക്ഷന്‍ നിന്നുപോയ ഒരു സമയത്താണ് ദല്‍ഹിയില്‍ രാത്രിയിലെ തണുപ്പില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഇത് ഷൂട്ട് ചെയ്തത്. ആക്ച്വലി അതിനിടയില്‍ ആ പട്ടി കയറിവന്നതാണ്. ഞങ്ങള്‍ ഒച്ചയൊന്നും ഉണ്ടാക്കിയില്ല.

അങ്ങനെ വന്നതാണ്, അതൊരു ആക്‌സിഡന്റാണ്. ചോദ്യത്തില്‍ പറഞ്ഞത് പോലെത്തന്നെ ഒരു ‘ഹാപ്പി ആക്‌സിഡന്റാ’യിരുന്നു,” മഹേഷ് പറഞ്ഞു.

ദല്‍ഹിയിലെ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നതും തുടര്‍ന്ന് ദമ്പതിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്.

മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഐ.എഫ്.എഫ്.കെക്ക് പുറമെ നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlight: Mahesh Narayanan talks about a particular scene from the movie Ariyippu, says it a happy accident