| Friday, 22nd July 2022, 2:56 pm

ആ കുഞ്ഞിന്റെ കരച്ചിലിനിടയിലൂടെ റഹ്‌മാൻ സാറിന്റെ സംഗീതം കേൾക്കുക എന്നത് ചലഞ്ച് ആയിരുന്നു: മഹേഷ് നാരായണനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിൽ നായകനായ മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തിൽ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മലയൻകുഞ്ഞിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ സിനിമാറ്റോഗ്രാഫിയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഉരുൾപൊട്ടൽ പ്രമേയമായി വരുന്ന കഥയായത് കൊണ്ട് തന്നെ മണ്ണിനടിയിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നെന്ന് ഫഹദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ടപ്പോഴും ഈ കാര്യം വ്യക്തമായിരുന്നു.

നീണ്ടു നിൽക്കുന്ന ഒരു കുഞ്ഞിന്റെ ശബ്ദവും ശക്തമായി ഒഴുകി വരുന്ന വെള്ളവും മണ്ണിടിച്ചിലും കാണികളിൽ ഭയമുണ്ടാക്കുന്നുണ്ട്. ചിത്രത്തിൽ കടന്നുവരുന്ന കുഞ്ഞിന്റെ ശബ്ദത്തെ കുറിച്ച് സംസാരിക്കുകയാണ് മഹേഷ് നാരായണൻ ഇപ്പോൾ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞിന്റെ ശബ്ദം സിനിമയിൽ ഉടനീളം വരുന്നുണ്ടെന്നും ആ ശബ്ദത്തിനിടയിലൂടെ അദ്ദേഹത്തിന്റെ സംഗീതം കേൾക്കുക എന്നത് ഒരു വലിയ ചലഞ്ച് ആയിരുന്നുവെന്നുമാണ് മഹേഷ് നാരായണൻ പറഞ്ഞത്.

‘മലയൻകുഞ്ഞിന്റെ കഥയിൽ ആദ്യം കുഞ്ഞാണ് ഉണ്ടാകുന്നത്. പിന്നെയാണ് അനിക്കുട്ടൻ ( ഫഹദ് അവതരിപ്പിച്ച കഥാപാത്രം) ഉണ്ടാകുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഇരുപത്തിയെട്ട് ദിവസമാണ് സിനിമയുടെ കഥ. ഈ കഥക്ക് ഒരു ടൈം ലൈൻ ഉണ്ട്. കുഞ്ഞുങ്ങൾ കരയുന്നതിന് ഒരു പ്രത്യേകതയുണ്ട്. അവർ കരയുമ്പോൾ ഹൈ ഫ്രീക്വൻസിയിലാണ് കരയുക. അതിന് അങ്ങനെയേ പ്രതികരിക്കാൻ കഴിയുകയുള്ളൂ.

എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ നമ്മൾ അവരുടെ അടുത്ത് എത്താനോ വേണ്ടിയാണ് അവർ കരയുന്നത്. ആ ശബ്ദത്തിന്റെ വേരിയേഷൻ സിനിമയിൽ ഉടനീളം വരുന്നുണ്ട്. റഹ്‌മാൻ സാർ നേരിട്ട ഏറ്റവും വലിയ ചലഞ്ചും അത് തന്നെയായിരുന്നു. ആ ശബ്ദത്തിനിടയിലൂടെ അദ്ദേഹത്തിന്റെ സംഗീതം കേൾക്കുക എന്നത് ഒരു വലിയ ചലഞ്ച് ആയിരുന്നു,’ മഹേഷ് നാരായണൻ പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Mahesh Narayanan says that it was a challenge to listen Rahman sir’s music through the baby’s cries in the movie Malayankunju

Latest Stories

We use cookies to give you the best possible experience. Learn more