| Friday, 16th July 2021, 4:18 pm

ടേക്ക് ഓഫില്‍ പാര്‍വതിയെ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് പലരും ചോദിച്ചു, അതുകൊണ്ട് മാലികില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്; മഹേഷ് നാരായണന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ മാലികിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മാലികില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് സംസാരിക്കുന്നത്. നിമിഷയുടെ കഥാപാത്രത്തെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ ടേക്ക് ഓഫിലെ പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു.

ടേക്ക് ഓഫില്‍ പാര്‍വതിയെ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് ഒരുപാട് സ്ത്രീകള്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന്  മഹേഷ് പറയുന്നു. എന്നാല്‍ മാലികില്‍ നിമിഷയുടെ കഥാപാത്രം അങ്ങനെയല്ലെന്നും  പ്രണയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

‘ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായതുകൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലല്ലോ എന്ന് ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാലികില്‍ അങ്ങനെയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരിയേഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ദുഖവും പ്രതികാരവും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയായിട്ടാണ് ഞാന്‍ മാലികിനെ കാണുന്നത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

മാലികിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടും കഴിഞ്ഞ ദിവസം മഹേഷ് നാരായണന്‍ പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ ഇസ്‌ലാമോഫോബിക്‌ ഘടകങ്ങളുണ്ടെന്നുള്ള പ്രതികരണങ്ങളോടും ബീമാപ്പള്ളി വെടിവെപ്പുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാദങ്ങളോടുമാണ് മഹേഷ് നാരായണന്‍ പ്രതികരിച്ചത്.

ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇസ്‌ലാമോഫോബിക്‌ ആരോപണങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും സിനിമയില്‍ അത്തരം കാര്യങ്ങളുള്ളതായി തോന്നിയില്ലെന്നുമാണ് മഹേഷ് പറഞ്ഞത്.

മാലിക് ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോടും അദ്ദേഹം പ്രതികരിച്ചു.

സാങ്കല്‍പ്പികമാണെന്ന് പറയുമ്പോഴും ബീമാപ്പള്ളി സംഭവവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നായിരുന്നു മഹേഷ് നാരായണന്റെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mahesh Narayanan says about Parvathy and Nimisha

We use cookies to give you the best possible experience. Learn more