| Sunday, 1st August 2021, 12:17 pm

2011ല്‍ തീരുമാനിച്ചതായിരുന്നു, കാലത്തിന്റെ മാറ്റം അനുസരിച്ച് സിനിമയിലും മാറ്റം വന്നു; മാലികിനെക്കുറിച്ച് വീണ്ടും മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മാലിക് ജൂലൈ 15നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിലരെങ്കിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

2011ല്‍ ഫഹദുമായി ചര്‍ച്ച ചെയ്ത കഥയായിരുന്നു മാലികിന്റേതെന്ന് പറയുകയാണ് മഹേഷ് നാരായണന്‍. താനും ഫഹദും ഒരുമിച്ച് ചെയ്യേണ്ടിയിരുന്ന ആദ്യ ചിത്രമായിരുന്നു മാലികെന്നും നാനക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ പറയുന്നു.

‘ടേക് ഓഫ് എന്ന ചിത്രം എന്റെ ആദ്യസിനിമയായി മാറിയത് മറ്റു ചില സാഹചര്യങ്ങളിലൂടെയാണ്. പലകാരണങ്ങളാലാണ് മാലിക് നീണ്ടുപോയത്. പ്രധാനമായും ഈ സിനിമ ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് വേണമായിരുന്നു. അതൊക്കെ ശരിയായി വരാനും ലഭ്യമാകാനും വൈകിപ്പോയി. ടേക് ഓഫ് എന്ന എന്റെ സിനിമ ഒരു പരാജയമായിരുന്നുവെങ്കില്‍ ഒരിക്കലും എനിക്ക് മാലിക് ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നാണ് വിശ്വാസം,’ മഹേഷ് നാരായണന്‍ പറഞ്ഞു.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സിനിമയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും മഹേഷ് നാരായണന്‍ പറയുന്നു.

‘കാലത്തിന്റെ മാറ്റം അനുസരിച്ച് പലതും മാറ്റേണ്ടി വന്നു. പണ്ട് ഈ കഥ വേറൊരു രീതിയിലാണ് ആലോചിച്ചിരുന്നത്. കാലങ്ങള്‍ കൊണ്ടുള്ള പരിണാമങ്ങള്‍ സ്‌ക്രിപ്റ്റിലും സംഭവിച്ചിട്ടുണ്ട്. കുറേ കഥാപാത്രങ്ങള്‍ കൂടി കൂടുതലായിട്ടുണ്ട്. അങ്ങനെ സിനിമ തന്നെ കുറേ വലുതായി മാറുകയായിരുന്നു,’ മഹേഷിന്റെ വാക്കുകള്‍.

തന്റെ സ്വദേശം കോവളത്തിനടുത്ത് പൂങ്കുളം എന്ന സ്ഥലത്താണെന്നും അവിടെ വിഴിഞ്ഞം മുതല്‍ പൂന്തുറ വരെയുള്ള സ്ഥലങ്ങളില്‍ തനിക്ക് കുറേ സുഹൃത്തുക്കളുണ്ടെന്നും മഹേഷ് പറയുന്നു. അവിടെയൊക്കെ സ്ഥിരമായി പോവുകയും അവിടുത്തെ മനുഷ്യരെ കാണുകയും ചെയ്തതുകൊണ്ടാണ് ഈ കഥ സിനിമയാക്കാന്‍ തോന്നിയതെന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mahesh narayanan says about Malik

We use cookies to give you the best possible experience. Learn more